Trending Now

പത്തനംതിട്ട ജില്ലക്കാര്‍ക്ക് അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയെ ഓര്‍മ്മയുണ്ടോ

 

രാഷ്‌ട്രീയ പാർട്ടികളുടെ രക്തസാക്ഷികൾക്ക്‌ രക്തസാക്ഷി മണ്ഡപങ്ങളും ആണ്ടോടാണ്ട്‌ അനുസ്മരണ സമ്മേളനങ്ങളുമുണ്ടാകുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട അമർ ജവാന്‍റെ ത്യാഗോജ്ജല ജീവബലി വിസ്മൃതിയിലാണ്ടു പോകുന്നു.

ഡിസംബർ 19: ഇൻഡോ – പാക്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലക്കാരൻ അമർ ജവാൻ ഭാർഗ്ഗവൻ രാഘവൻ പിള്ളയുടെ ഓർമ്മ ദിനമാണ് .
പന്തളത്തിനടുത്ത്‌ കുളനട പനങ്ങാട്‌ മുണ്ടുവേലിൽ കിഴക്കേതിൽ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും. മകനായ
ഭാർഗ്ഗവൻ രാഘവൻ പിള്ള ഇൻഡ്യൻ ആർമ്മിയിൽ ജോലി ചെയ്തുവരവേ 1971 ലെ ഇൻഡോ – പാക്‌ യുദ്ധത്തിലാണു വീര്യ മൃത്യൂ വരിച്ചത് . ‌.

1971 ലെ ഇന്തോ- പാക്‌ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനിൽ വച്ച്‌ (ഇപ്പോഴത്തെ ബംഗ്ലാദേശ്‌)
പാക്‌ പട്ടാളത്തിന്റ്‌ കുഴി ബോംബ്‌ ആക്രമണത്തിലാണു 26 ആം വയസ്സിൽ യുവജവാൻ കൊല്ലപ്പെടുന്നത്‌.

ബംഗ്ലാദേശ്‌ എന്ന രാജ്യത്തിന്റെ പിറവിക്ക്‌ കാരണമായ ചരിത്രപ്രധാനമായ യുദ്ധമായിരുന്നു അത്‌
. യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ അദ്ദേഹം അവിവാഹിത
നുമായിരുന്നു.

പാക്‌ സൈനികാക്രമത്തിൽ ശരീരം നൂറുകഷണങ്ങളായി ചിതറിത്തെറിച്ചുപോയ ആ ധീരജവാന്റെ ഭൗതികശരീരം പോലും വീട്ടുകാർക്ക്‌ തിരികെക്കിട്ടിയില്ല.
അന്നത്തെ ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിയായ ജവാന്റെ കുടുംബത്തിനു യുവജവാന്റെ ധീര ബലിദാനത്തെ പ്രകീർത്തിച്ച്‌ സ്വന്തം കൈപ്പടയിൽ ജവാന്റെ വീട്ടിലേക്ക്‌ ആശ്വാസസന്ദേശവും അയച്ചിരുന്നു.
കൊല്ലപ്പെട്ട അവിവാഹിതനായ ജവാന്റെ ഏകസഹോദരി രമണിയമ്മയ്ക്ക്‌ ആശ്രിതയെന്ന നിലയിൽ അക്കാലത്ത്‌
സർക്കാർ സർവ്വീസിൽ നിയമനം ലഭിച്ചുവെന്നതൊഴിച്ചാൽ പിന്നീടിങ്ങോട്ട്‌ അവഗണനമാത്രമാണു ഭാർഗ്ഗവൻ പിള്ളയെന്ന അമർജവാന്റെ ധീരരക്തസാക്ഷിത്വത്തിനു ലഭിച്ചത്‌.

ജന്മനാടായ കുളനടയിലോ പനങ്ങാടോ ഒരിടത്തും അദ്ദേഹത്തിനു ഉചിതമായ ഒരു സ്മാരകം പോലുമില്ല.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു അനുസ്മരണ യോഗം പോലും നടന്നിട്ടില്ല. മാറി മാറി വരുന്ന ജനപ്രതിനിധികൾക്ക്‌ അമർ ജവാന്റെ പേരുപോലും ഓർമ്മയുണ്ടായേക്കില്ല.
1971 ൽ ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളില്ലാക്കാലത്ത്‌ കൊല്ലപ്പെട്ട ധീരജവാന്മാരുടെ ബലിദാനങ്ങളൊക്കെത്തന്നെ അന്നാട്ടിലെ പുതുതലമുറയ്ക്കുൾപ്പെടെ അപരിചിതമാണു.
ജന്മനാടിനായി സ്വജീവൻ പകരം നൽകുന്ന
രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബാംഗങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമൊക്കെ കുറച്ചുനാൾ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയുമൊക്കെ തിക്കും തിരക്കുമുണ്ടാകും. പിന്നെ പിന്നെ പതിവുപോലെ എല്ലാവരും എല്ലാം മറക്കും.

വർഷങ്ങളേറെക്കഴിയുമ്പോൾ അപ്പോഴത്തെ അന്നാട്ടിലെ എം എൽ എ യോ എം പിയോ പോയിട്ട്‌ താഴെത്തട്ടിലെ ജനപ്രതിനിധികൾ പോലും കൊല്ലപ്പെട്ട ധീരജവാനെക്കുറിച്ച്‌ ഓർക്കുകപോലുമുണ്ടാവില്ല.

“രാഷ്ട്രിയപാർട്ടികളുടെ രക്തസാക്ഷികൾക്ക്‌ കിട്ടുന്ന പരിഗണനയുടെ നൂറിലൊരംശം പരിഗണനപോലും രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ധീരജവാന്റെ സ്മരണയ്ക്ക്‌ കിട്ടാത്തത്‌ സങ്കടകരം തന്നെ.

വർഷങ്ങൾ കഴിയുമ്പോൾ കാർഗ്ഗിലിലും പത്താൻ കോട്ടും പുൽ വാമയിലും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെയും ജന്മനാടുപോലും മറന്നുകളഞ്ഞേക്കും. അങ്ങനെയങ്ങ്‌ മറവിയിലേക്ക്‌ തള്ളേണ്ടതാണോ അവരുടെയൊക്കെ ധീരോദാത്ത ബലിദാനങ്ങൾ?
അമർ ജവാന്റെ ഏക സഹോദരീപുത്രനും പ്രമുഖ രേഖാചിത്രകാരനുമായ അഡ്വ: ജിതേഷ്ജി ചോദിക്കുന്നു.

error: Content is protected !!