രോഗം മാറിയാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത: ഡി.എം.ഒ
കോന്നി വാര്‍ത്ത : കോവിഡ് നെഗറ്റീവായാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കോവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടു നിന്നേക്കാം. ലോങ് കോവിഡ് എന്നാണ് ഈ അവസ്ഥയെ വിളിക്കുക. രോഗം ഭേദമായ 10 മുതല്‍ 20 ശതമാനം ആള്‍ക്കാരില്‍ ഇതു കണ്ടു വരുന്നു. ലോങ് കോവിഡ് ബാധിക്കുന്നവര്‍ക്ക് നീണ്ടു നില്‍ക്കുന്ന ചുമ, ശ്വാസം മുട്ടല്‍, നെഞ്ചില്‍ ഭാരം, തലവേദന, ഗന്ധം നഷ്ടപ്പെടല്‍, ഹൃദയമിടിപ്പില്‍ വ്യത്യാസം, ശബ്ദവ്യത്യാസം,ഓര്‍മകുറവ്, ഉറക്കകുറവ്, ആശയകുഴപ്പം, ബോധക്ഷയം, വിഷാദം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന, കാലില്‍ നീര് എന്നിവ അനുഭവപ്പെടാം. 90 ശതമാനം ആളുകളിലും കഠിനമായ ക്ഷീണമാണ് അനുഭവപ്പെടുന്നത്.
കോവിഡ് രോഗമുക്തിക്ക് ശേഷവും, രോഗലക്ഷണങ്ങള്‍ തുടരുന്നുവെങ്കില്‍ ശാരീരികാധ്വാനം കുറയ്ക്കുകയും വിശ്രമിക്കുകയും വേണം. ലക്ഷണങ്ങള്‍ മൂര്‍ഛിക്കുകയാണെങ്കില്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടറെ കാണേണ്ടതണ്. കുട്ടികളിലും , പ്രായമായവരിലും , മറ്റ് രോഗങ്ങള്‍ ഉളളവരിലും ലോങ് കോവിഡ് ബാധിക്കാനുളള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളില്ലാതെ സമൂഹത്തില്‍ തുടരുന്നവര്‍ക്കും ഭാവിയില്‍ ഇതേ പ്രശ്‌നങ്ങളുണ്ടായേക്കാം. കുടുംബാംഗങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചാല്‍ പോലും പ്രൈമറി കോണ്ടാക്ടുകള്‍ ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നുണ്ട്. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഹൈറിസ്‌ക് പ്രൈമറി കോണ്‍ടാക്ടുകള്‍ നിര്‍ബന്ധമായും ടെസ്റ്റിന് വിധേയമാകേണ്ടതാണ്. ലോങ് കോവിഡ് ബാധിക്കാനുളള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. രോഗം വന്നുപോകട്ടെ എന്ന മനോഭാവം മാറ്റി വരാതെ നോക്കാനുളള മുന്‍ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.