മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കുളള ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്ശേഷം 02.30നുമാണ്.
ജില്ലാ കലക്ടറാണ് ജില്ലാ പഞ്ചായത്ത് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ചേരുന്ന അംഗങ്ങളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യണം. മറ്റൊരാള്‍ പിന്താങ്ങണം.
നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ യോഗത്തില്‍ ഹാജരായിട്ടില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാനോ ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാള്‍ നാമനിര്‍ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേനെ ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറമില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും.
രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമുള്ളപ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേര്‍ക്കും തുല്യ വോട്ടാണെങ്കില്‍ നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും.
രണ്ടിലധികം പേര് മത്സരിക്കുമ്പോള്‍ വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ അയാള്‍ തിരഞ്ഞെടുക്കപ്പെടും. അപ്രകാരം ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ലഭിക്കാതിരുന്നാല്‍ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാവര്‍ക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാള്‍ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും.
മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരിക്കുകയും അതില്‍ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേര്‍ക്ക് തുല്യമായി ലഭിക്കുകയും ചെയ്താല്‍ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് തുടരും മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കില്‍ ഇതേ രീതിയില്‍ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങള്‍ക്ക്/കൗണ്‍സിലര്‍മാര്‍ക്ക് യോഗ നടപടികളില്‍ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല.
ഓരോ അംഗവും കൗണ്‍സിലറും ബാലറ്റ് പേപ്പര്‍ കിട്ടിയാലുടന്‍ ബാലറ്റ് പേപ്പറില്‍ അയാള്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെ X എന്ന അടയാളം ഇട്ട് ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പര്‍ റിട്ടേണിംഗ് ഓഫീസറുടെ സമീപത്ത് ക്രമീകരിച്ചിരിക്കുന്ന ബോക്സിലോ ട്രേയിലോ നിക്ഷേപിക്കണം. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോള്‍ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക. സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. സംവരണമുള്ളയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം.
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ/ കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ വോട്ടുകള്‍ എണ്ണി ഫലപ്രഖ്യാപനം നടത്തും.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചെയര്‍പേഴ്സണ്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് ചെയര്മാന് ചെയര്മാന് മുമ്പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്യും.
