അരങ്ങിൽ പുനർജനിച്ച് അയ്യപ്പചരിതം: സന്നിധാനത്ത് കഥകളി വിരുന്ന്

 

konnivartha.com/ ശബരിമല: ഭക്തലക്ഷങ്ങൾക്ക് ശരണമായി കുടികൊള്ളുന്ന ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ പുനർജനിച്ചു. മണ്ഡലകാലത്തിൻ്റെ പുണ്യത്തിൽ, ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ‘അയ്യപ്പ മാഹാത്മ്യം’ കഥകളി അരങ്ങേറി.

ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് ‘അയ്യപ്പ മാഹാത്മ്യം’. ഹരിഹരപുത്രൻ്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ദിവ്യചരിതം ദൃശ്യ-ശ്രാവ്യ വിരുന്നായി ഭക്തർ ആസ്വദിച്ചു. ശബരിമല ശാസ്താ ഓഡിറ്റോറിയത്തിൽ 28-അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്.

കഥകളി പ്രേമികളെ ഏറെ ആകർഷിച്ചത്, 61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്ണൻ മുതൽ 7 വയസുകാരനായ അദ്വൈത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാരുടെ അർപ്പണമായിരുന്നു. കലാമണ്ഡലം പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന അവതരണത്തിൽ മഹിഷിയായി അദ്ദേഹം തന്നെ വേഷമിട്ടു. മണികണ്ഠനെ അവതരിപ്പിച്ചത് അഭിജിത്ത് പ്രശാന്താണ്. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

മാതാവിൻ്റെ രോഗശമനത്തിനായി പുലിപ്പാൽ തേടി കാട്ടിലെത്തുന്ന മണികണ്ഠൻ, മഹിഷിയെ നിഗ്രഹിച്ച് പുലിവാഹനനായി പന്തളം രാജസന്നിധിയിൽ എത്തുന്നതും ധർമശാസ്താവായി ശബരിമലയിൽ ഭക്തർക്കാശ്രയമായി കുടികൊള്ളുന്നതുമുൾപ്പെടെയുള്ള രംഗങ്ങൾ ഭക്തിനിർഭരമായി.

കലാമണ്ഡലം ബൈജു, കലാനിലയം സഞ്ജയ്, കലാമണ്ഡലം കാർത്തിക് എന്നിവർ സംഗീതവും കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം അജികൃഷ്ണൻ, കലാമണ്ഡലം അനന്തു ശങ്കർ, കലാമണ്ഡലം ദീപക് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. ചിങ്ങോലി പുരുഷോത്തമൻ, കലാനിലയം വിഷ്ണു എന്നിവർ ചുട്ടി ചെയ്തു.
പോരുവഴി വാസുദേവൻ പിള്ള, പന്മന അരുൺ, പന്മന അശോകൻ, മുകുന്ദപുരം വിനോജ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു.

Related posts