ഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ
konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു.
ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ അറിയിച്ചു.
പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക.
സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.
സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു.
