
കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക് ‘ തുമ്പമണ്ണില്‍ തുടക്കം
മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്, അംഗങ്ങളായ അഡ്വ. രാജേഷ് കുമാര്‍, ബീനാ വര്‍ഗീസ്, ഗീതാറാവു , ഗിരീഷ്‌കുമാര്‍, മോനി ബാബു, കെ ഡി പവിത്രന്‍, സി.ഡി.എസ് അധ്യക്ഷ ഓമനഗോപാലന്‍, സെക്രട്ടറി ആര്‍ ശ്രീല എന്നിവര്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയല്‍ : ജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപീകരിച്ച വാര്‍ഡുതല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കുടുംബശ്രീ സ്നേഹിതയുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണ ഇടപെടലിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസം, ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയങ്ങളില്‍ കൗണ്‍സിലിംഗ് ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠന സാമഗ്രികളുമായി കണ്‍സ്യൂമര്‍ഫെഡ്
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ആദ്യവില്‍പ്പന നടത്തി. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിച്ച ത്രിവേണി നോട്ട്ബുക്കുകളും ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്‌കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം വിനീത് കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രി, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് കലക്ടറേറ്റ് സ്റ്റാള്‍ ഉദ്ഘാടനം (29)
കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിക്കുന്ന സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം (29) രാവിലെ 11.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനാകും. എഡിഎം ബി ജ്യോതി ആദ്യവില്‍പ്പന നടത്തും. റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ് എന്നിവര്‍ പങ്കെടുക്കും.
ഹെപ്പറ്റൈറ്റിസ് എ രോഗബാധ ജാഗ്രത വേണം
ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭരോഗ ലക്ഷണങ്ങള്‍. മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണം.
വ്യക്തി, പരിസര ശുചിത്വം പാലിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം. തിളപ്പിച്ചാറ്റിയ വെളളീ മാത്രം കുടിക്കണം. ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചകറികളും നന്നായി കഴുകി ഉപയോഗിക്കണം. കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവതി യുവാക്കള്‍ക്ക് അവസരം
കേന്ദ്ര യുവജന കാര്യ മന്ത്രാലയം ‘മേരാ യുവ ഭാരത്’ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതി യുവാക്കള്‍ക്ക് ലേഹ് ലഡാക്ക് , ഹിമാചല്‍ പ്രദേശ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ‘ വികാസിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം- വിക്ഷിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ അവസരം ഒരുക്കുന്നു .
യുവജനകാര്യം, ഗ്രാമ വികസനം , സാംസ്‌കാരിക വിനിമയം , സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ശരീരിക ക്ഷമതയുള്ള 21 മുതല്‍ 29 വരെ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. മെയ് 15 മുതല്‍ മെയ് 30 വരെ പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്നും 10 പേര്‍ക്കും ആണ് അവസരം .
നെഹ്റു യുവകേന്ദ്ര , യൂത്ത് ക്ലബ് അംഗങ്ങള്‍ , എന്‍സിസി , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വോളന്റിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. ‘മേരാ യുവ ഭാരത് ‘ പോര്‍ട്ടലില്‍ മെയ് മൂന്നുവരെ രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍ :7558892580.
നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരി (ഏപ്രില്‍ 29)
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംസ്ഥാന തലത്തില്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് നടത്തുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ജില്ല ഉദ്ഘാടനവും ചിത്രപ്രദര്‍ശനവും പ്രശ്‌നോത്തരിയും ( ഏപ്രില്‍ 29) രാവിലെ 9.30ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിക്കും. സമാപന യോഗ ഉദ്ഘാടനവും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നടത്തും.
ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ല കേന്ദ്രങ്ങളിലായി ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 400 കുട്ടികള്‍ ബ്ലോക്ക്തല പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. ഓരോ ബ്ലോക്കില്‍ നിന്നും നാല് കുട്ടികളെയാണ് ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന നാല് കുട്ടികള്‍ക്ക് മെയ് 16,17,18 തീയതികളിലായി മൂന്നാര്‍, അടിമാലിയിലെ ഹരിതകേരളം മിഷന്റെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രം എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
സൗജന്യ കലാപരിശീലനം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട് വയസിനു മുകളിലില്‍ പ്രായമുളളവര്‍ക്ക് പടയണി, സംഗീതം, മോഹിനിയാട്ടം, വഞ്ചിപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം. ഗ്രാമപഞ്ചായത്തുകളിലെ കലാകേന്ദ്രങ്ങളിലാണ് പരിശീലനം. അപേക്ഷ ഫോമുകള്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും പ്രവൃത്തി സമയം ലഭിക്കും. അവസാന തീയതി മെയ് 15 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 6282822706.
സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം
ആര്‍എഫ്‌സിടി ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദഗ്ധ സമിതിയിലേക്ക് നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുളള അപേക്ഷ മെയ് ഒമ്പതിനകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കൊല്ലം മുമ്പാകെ സമര്‍പ്പിക്കണം.