
പൊതുതെളിവെടുപ്പ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കൺണ്ടിഷൻസ് ഓഫ് ലൈസൻസ് ഫോർ എക്‌സിസ്റ്റിംഗ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2025 ന്റെ കരട് രൂപം, കമ്മിഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യം. റഗുലേഷന്റെ പൊതുതെളിവെടുപ്പ് ഏപ്രിൽ 22 രാവിലെ 11ന് തിരുവനന്തപുരം കമ്മിഷൻ കോർട്ട്ഹാളിൽ നടത്തും.
തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും ഏപ്രിൽ 22ന് വൈകിട്ട് 5വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. ഫോൺ: 0471-2735544.
അറിയിപ്പ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അതിവർഷാനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്ക് ബാക്കി തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 23 രാവിലെ 10ന് കിഴക്കേകോട്ട കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ നിർവഹിക്കും. ഫോൺ: 0471-2729175.
സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം
:മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എം എൽ എ, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ ആശംസകൾ അർപ്പിക്കും.
മന്ത്രിമാരായ വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു,എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പീലിക്കോട് ഡിവിഷൻ അംഗം എം ബി സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, വാർഡ് മെമ്പർ പി രേഷ്മ എന്നിവർ സന്നിഹിതരാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ചടങ്ങിന് നന്ദി അറിയിക്കും.
ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കളക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ / അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ ഏപ്രിൽ 21 ന് കാസർഗോഡും ഏപ്രിൽ 22 ന് വയനാടും ഏപ്രിൽ 24ന് പത്തനംതിട്ടയിലും ഏപ്രിൽ 28 ന് ഇടുക്കിയിലും ഏപ്രിൽ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രാഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരിൽ മെയ് 26 നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം നടക്കുന്നത്.
എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് പീലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രിൽ 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രിൽ 25 മുതൽ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനത്തും മെയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനത്തും മെയ് 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം കനകകുന്നിലും മെയ് 18 മുതൽ 24 വരെ തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർത്ഥി കോർണറിലും നടക്കും. വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല സമാപനം മെയ് 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കും.
പ്രദർശന-വിപണന മേളയുടെ ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ 9 വർഷത്തെ വികസന – ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. 2,500 ചതുരശ്ര അടിയിൽ ഐ&പിആർഡിയുടെ തീം പവലിയൻ ഒരുക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഹരിത കേരള മിഷന്റെ പ്രവർത്തനം സംബന്ധിച്ച ഇൻസ്റ്റലഷൻ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവയ്ക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള ചർച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചർച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവർഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങൾ സംഘടിപ്പിക്കും.
സെലക്ഷൻ ട്രയൽസ്
ബീഹാറിൽ നടക്കുന്ന ഏഴാമത് ഗെയിംസിൽ പങ്കെടുക്കാനുള്ള ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ആൺകുട്ടികളുടെയും (Quad ടീം Event) പെൺകുട്ടികളുടെയും (Regu ടീം Event) കേരള സെപകതാക്രോ (Under 18 Team – 01.01.2007 നോ അതിനുശേഷമോ ജനിച്ചവർക്ക്) സെലക്ഷൻ ട്രയൽസ് ഏപ്രിൽ 19 രാവിലെ 10ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0471-2331546.
അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരും: മുഖ്യമന്ത്രി
ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സുവ്യക്തമായ സർക്കാർ നയമാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽപറഞ്ഞു . അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.
നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന ‘അഴിമതി മുക്ത കേരളം’ ക്യാമ്പയിൻ നിർണ്ണായക നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. സർക്കാർ ആവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പും വികസന പ്രവർത്തനങ്ങളും ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളിൽ എത്തിക്കുകയാണ് പ്രധാനം. സർക്കാർ – അർദ്ധ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിൽ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.’ ZERO TOLERANCE TO CORRUPTION’ എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്.
പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവർത്തിക്കേണ്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി അതീവ ഗൗരവമുള്ള വിഷയമാണ്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ അവരെ കുടുക്കാൻ വി എ സി ബി ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ് എന്ന പദ്ധതി നടപ്പാക്കുന്നു. എല്ലാ ഓഫീസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചെടുക്കുകയും അഴിമതിക്കാരെ നിരീക്ഷിക്കുകയും കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരെ പരാതി നൽകാൻ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൻറെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു (ജനുവരി-8, ഫെബ്രുവരി-9, മാർച്ച്-8). വിജിലൻസ് ചരിത്രത്തിൽ മൂന്നു മാസത്തിനുള്ളിൽ ഇത്രയധികം ട്രാപ്പ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 8 കേസ്സുകളിലായി 14 പേരെയാണ് വിജിലൻസ് പിടികൂടിയത്. ജനുവരിയിൽ 8 കേസ്സുകളിലായി 9 പേരെയും ഫെബ്രുവരിയിൽ 9 കേസ്സുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ 14 റവന്യൂ ഉദ്യോസ്ഥരും, തദ്ദേശ സ്വയംഭരണം, പോലീസ് വകുപ്പുകളിൽ നിന്നും 4 വീതം ഉദ്യോഗസ്ഥരും, വനം വകുപ്പിൽ നിന്ന് 2 പേരും, വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്‌ട്രേഷൻ, എന്നീ വകുപ്പുകളിൽ നിന്നും ഓരോരുത്തർ വീതവും, കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജരുമാണ്. ഇത് കൂടാതെ 4 ഏജൻറുമാരെയും, സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ്‌ചെയ്തു. ഡിജിറ്റൽ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.
വിജിലൻസ് നടപടികളുടേയും ശുപാർശകളുടേയും ഫലമായി മോട്ടോർ വാഹന വകുപ്പിൻറെ ബോർഡർ ചെക്ക് പോസ്റ്റ് രാത്രി കാലങ്ങളിൽ നിർത്തലാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹനം, മൈനിംഗ് ആൻറ് ജിയോളജി, ജി.എസ്.ടി എന്നീ മൂന്ന് വകുപ്പുകളിൽ നിന്ന് അധിക പിഴ, റോയൽറ്റി, പെനാൽറ്റി, നികുതി എന്നിങ്ങനെ സർക്കാരിന് 500 കോടി രൂപയുടെ അധിക വാർഷിക വരുമാനം ഉണ്ടായതായി കണക്കാക്കുന്നു.
വിജിലൻസ് പ്രവർത്തനങ്ങളിൽ കാലികമായ പ്രൊഫഷണലിസം കൊണ്ടുവന്നിട്ടുണ്ട്. അഴിമതി കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുന്നതിനും, അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻറുമാരെ പിടികൂടുന്നതിനും ഇതിലൂടെ കഴിഞ്ഞു. അടുത്ത കാലത്ത് പാലക്കാട് ജില്ലയിലെ എം.വി.ഡി ചെക്ക്‌പോസ്റ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഴിമതിയുടെ ശൃംഖല തന്നെ തകർക്കാൻ കഴിഞ്ഞു. അത് ആർ.ടി.ഓ യുടെ അറസ്റ്റിൽ എത്തിച്ചേരുകയും ചെയ്തു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരെ മാത്രമല്ല ഇത്തരത്തിൽ പിടിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് നടപടിയെടുക്കുകയാണ്. ആർ.പി.എഫ്, സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ്, സി.ഐ.എസ്.എഫ് തുടങ്ങിയ വകുപ്പുകളിലെയും കേന്ദ്ര പോതുമേഖലാ സ്ഥപനമായ ഇൻഡ്യൻ ഓയിൽ കോർപ്പറേഷനിലെയും ഉദ്യോഗസ്ഥർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ നിന്നും ലഭിച്ച വരുമാനം കണ്ടുകെട്ടുക മാത്രമല്ല വിദേശ ഫണ്ട് വകമാറ്റം, നിയമവിരുദ്ധമായി സമ്പാദിച്ച പണം പല സാമ്പത്തിക ഇടപാടുകളിലൂടെ മാറ്റുന്നത് കണ്ടെത്തുകയും ചെയ്യുന്നു. അഴിമതിക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികളുമായി ആവശ്യമായ ഏകോപനം നടത്തുന്നു.
വിജിലൻസിലെ ഉദ്യോഗസ്ഥർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ രീതികളെ കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്. സങ്കീർണ്ണമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ, ബാങ്ക് തട്ടിപ്പുകൾ, പൊതു പണം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ചോർത്തൽ തുടങ്ങിയവയിൽ ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് വർധിപ്പിക്കാനുള്ള പരിശീലനം ആരംഭിച്ചു.
പഴയ കേസുകൾ തീർപ്പാക്കുക, അന്വേഷണം വേഗത്തിലാക്കുക, കെട്ടിക്കിടക്കുന്ന കേസ്സുകളുടെ എണ്ണം കുറയ്ക്കുക, വിചാരണ നടപടികൾ കാര്യക്ഷമമാക്കുക എന്നിവ പ്രധാനമാണ്. ഇതിന് കോടതികളുമായും പബ്ലിക് പ്രോസിക്യൂട്ടർമാരുമായും അവലോകന യോഗങ്ങളിലൂടെ ശ്രമങ്ങൾ നടത്തുന്നു.
ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്’ൻറെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സർക്കാർ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലൻസ് തയ്യാറാക്കി. അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരിക്ഷണത്തിലുണ്ട്.
അഴിമതി സംബന്ധിച്ച് ജനങ്ങളിൽ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ച് തുടർ നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ ഇതിനകം തന്നെ വിജിലൻസ് പിടിയിലായിട്ടുമുണ്ട്.
അഴിമതി നടന്നതിനുശേഷം അന്വേഷിക്കുക എന്നതിലല്ല കാര്യം. അതിന് അവസരം നൽകാതെ ആരംഭത്തിൽ തന്നെ ഉന്മൂലനം ചെയ്യുക എന്നതിലാണ്. ആ ലക്ഷ്യത്തോടെ വിവിധ വിഭാഗങ്ങളിലെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിൻറെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നുണ്ട്. അഴിമതി നിരോധന നിയമങ്ങളെ പറ്റിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ സംബന്ധിച്ചും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകി.
സംസ്ഥാനത്തെ വിവിധ വിജിലൻസ് കോടതികളിൽ കേസുകൾ അനന്തമായി നീളുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം കേസുകളുടെ വിചാരണ സമയബന്ധിതമായി തന്നെ പൂർത്തിയാക്കുന്നതിനും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും കർശന നിർദ്ദേശം വിജിലൻസിൻറെ നിയമ വിഭാഗത്തിനും പ്രത്യേകിച്ച് പ്രോസിക്യൂട്ടർമാർക്കും നൽകി. 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ 30 കേസുകൾ തീർപ്പാക്കിയിരുന്നു. ഇതിൽ കുറ്റകൃത്യം തെളിഞ്ഞ 28 പേർക്ക് ഉചിതമായ ശിക്ഷയും ലഭ്യമാക്കി. കോട്ടയം വിജിലൻസ് കോടതിയിൽ 12 കേസുകൾ തീർപ്പാക്കിയതിൽ ഏഴുപേർക്കെതിരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തീർപ്പായ 21 കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേർക്കെതിരെയും, തൃശ്ശൂർ വിജിലൻസ് കോടതി തീർപ്പാക്കിയ 6 കേസുകളിൽ 53 പേരെയും കോഴിക്കോട് വിജിലൻസ് കോടതിയിൽ തീർപ്പായ 13 കേസുകളിൽ 7 പേർക്കെതിരെയും തലശ്ശേരി വിജിലൻസ് കോടതി തീർപ്പാക്കിയ 19 കേസുകളിൽ കുറ്റക്കാരായി കണ്ടെത്തിയ 8 പേർക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിച്ചു. ഇത് വിജിലൻസ് ചരിത്രത്തിലെ സർവ്വകാല റെക്കോഡാണ്.
ഇ-ഗവേണൻസ്, ഇ-ടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, നിയമാവബോധം, കർശന വിജിലൻസ് സംവിധാനം എന്നിവയുടെ ഫലപ്രദമായ വിനിയോഗങ്ങളിലൂടെ അഴിമതി നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. അഴിമതി എന്ന വിപത്ത് തുടച്ചുനീക്കാനുള്ള യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഡി.സി.എ പരീക്ഷ മെയ് 20 ന്
സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പത്താം ബാച്ചിന്റെ പൊതു പരീക്ഷ മെയ് 20 ന് ആരംഭിക്കും. തിയറി പരീക്ഷ മെയ് 20, 21, 22, 23, 26 തീയതികളിലും, പ്രായോഗിക പരീക്ഷ 2025 മെയ് 27, 28, 29, 30 തീയതികളിലും, അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ഏപ്രിൽ 24 വരെയും 20 രൂപ പിഴയോടെ ഏപ്രിൽ 25 മുതൽ 29 വരെയും സ്‌കോൾ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായി ഒടുക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്. ഫീസ് ഒടുക്കാനായി ഡിസിഎ പഠിതാക്കൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള യൂസർനെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ ‘Exam Fee Payment’ എന്ന ലിങ്ക് വഴി തുക ഒടുക്കണം. സ്‌കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച് ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം.
ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ ഒന്നാം ബാച്ച് (2015 ഒക്ടോബർ) മുതൽ ആറാം ബാച്ച് (2022 മെയ്) വരെയുള്ള വിദ്യാർത്ഥികൾക്കും (Old Scheme), ഏഴ്, എട്ട്, ഒൻപത് (2024 മെയ്) ബാച്ചുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ വിവിധ കാരണങ്ങളാൽ പൂർണ്ണമായോ / ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി 2025 മെയിലെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ : 0471-2342950, 2342271.
ടിംബർ സെയിൽസ് ഡിവിഷൻ തടി വില്പ്പന: ഇ-ലേലം മെയ് മാസത്തിൽ
വനം വകുപ്പ് -തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. അച്ചൻകോവിൽ, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ മെയ് മൂന്നിനും മുള്ളുമല, ആര്യങ്കാവ് തടി ഡിപ്പോയിൽ ഒമ്പതിനും അച്ചൻകോവിൽ, തെന്മല തടി ഡിപ്പോകളിൽ 13 നും അച്ചൻകോവിൽ, മുള്ളുമല തടി ഡിപ്പോകളിൽ 20 നുമാണ് ഇ-ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസുകൾ, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളിൽ 0471 2360166 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.