
konnivartha.com: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരൻ അതിദാരുണമായി മരിക്കാനിടയായ സംഭവം ആനക്കൂട് അധികൃതരുടെ അനാസ്ഥമൂലമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി.
സംഭവത്തിൽ ആനക്കൂട് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാമാണ് മരിച്ചത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന നാല് അടിയോളം ഉയരമുള്ള തൂണ് കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇവിടെ കുട്ടികളുടെ പാർക്കും പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി നിരവധി കുടുംബങ്ങളാണ് കുട്ടികളുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കുട്ടിയുടെ ജീവനെടുത്തതെന്നും അദ്ദേഹം പറഞ്ഞു.