Trending Now

സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 12/04/2025 )

Spread the love

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോർജ്: ശ്രദ്ധയും പ്രതിരോധവും പ്രധാനം

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

 

2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്.

 

പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്.

സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുൻപ് ചിക്കൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാൽ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. യൂണിയൻ ദ്വീപുകളിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളിൽ തന്നെ കിടത്തുന്ന കാര്യം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

·വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

·കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).

·വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.

·കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.

·ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

·പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

·എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.

·തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.

·ചിക്കൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

·ചിക്കൻഗുനിയയെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

 

 

 

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഉദുമ, താനൂർ, മലമ്പുഴ, ധർമടം), സീനിയർ ലക്ചറർ (ഉദുമ, മലമ്പുഴ, പള്ളുരുത്തി), ലക്ചറർ /ട്യൂട്ടർ (താനൂർ, പള്ളുരുത്തി, ധർമടം, തളിപ്പറമ്പ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ – എം.എസ്.സി നഴ്സിംഗ് ബിരുദം, എം.എസ്.സി നഴ്സിംഗിന് ശേഷം മൂന്ന് വർഷത്തെ അധ്യാപനപരിചയം. സീനിയർ ലക്ചറർ: എം.എസ്.സി നഴ്സിംഗ് ബിരുദം, രണ്ട് വർഷത്തെ അധ്യാപനപരിചയം. ലക്ചറർ /ട്യൂട്ടർ – എം.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി / പോസ്റ്റ് ബേസിക് നഴ്സിംഗും ഒരു വർഷത്തെ പ്രവർത്തിപരിചയവും. പരമാവധി പ്രായം: 50 വയസ് (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്)

അപേക്ഷ ഫീസ്: ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള (www.simet.in) SB Collect/Challan മുഖേന അടക്കാവുന്നതാണ്. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ബയോഡേറ്റ, വയസ് തെളിയിക്കുന്ന സിർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്/ എം.എസ്.സി നഴ്സിംഗ്/ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഏപ്രിൽ 25 നകം സമർപ്പിക്കണം

 

സർവകക്ഷിയോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും 16ന്

ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മതമേലധ്യക്ഷൻമാരുടെ യോഗവും സർവകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷൻമാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സർവകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓൺലൈനായാണ് ചേരുക.

 

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

 

പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാം. കൂടാതെ ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 21 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഏപ്രിൽ 28 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.

ജൂണിലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ഏപ്രിൽ 21നു മുമ്പും 200 രൂപ ലേറ്റ് ഫീയോടുകൂടി 28 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

 

ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

ക്ഷേത്രോത്സവകാലം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാം.

ü പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക.

ü ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ചുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.

ü ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം.

ü വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.

ü ഗേറ്റുകൾ. ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യരുത്.

ü വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.

ü ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.

ü വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.

ü താത്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.

ü വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.

ü വളരെ ഉയരമുള്ളതും വലിപ്പമുള്ളതുമായ ഫ്‌ളോട്ടുകൾ വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.

ü ഫ്‌ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.

ü വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.

ü അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.

ü തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.

ü കെട്ടുകാഴ്ചകൾ കെ എസ് ഇ ബി എൽ നിശ്ചയിച്ചിട്ടുള്ള ഉയരത്തിലും വലിപ്പത്തിലും നിർമിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കെട്ടുകാഴ്ചകൾ കടന്നുപോകുന്ന വിവരം അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ മുൻകൂറായി അറിയിക്കണം.

 

സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി വി എൻ വാസവൻ
: വിഷു – ഈസ്റ്റർ സഹകരണ വിപണി തുടങ്ങി

വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായിട്ടാണ് 170 വിഷു – ഈസ്റ്റർ വിപണികേന്ദ്രങ്ങളുള്ളത്. ഏപ്രിൽ 21 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.

 

എൻട്രികൾ ക്ഷണിച്ചു

‘പകിട്ടോടെ പത്താം വർഷത്തിലേക്ക്’ എന്ന തീമിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ 2016 മുതലുള്ള തുടർച്ചയായ ഒൻപത് വർഷത്തെ ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട ഭരണ നേട്ടങ്ങളും, തുടർന്ന് പത്താം വർഷത്തിൽ നിർദേശിച്ചിട്ടുളള പദ്ധതികളും ഉൾപ്പെടുത്തികൊണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനായി എൻട്രികൾ ക്ഷണിച്ചു.

സ്‌ക്രിപ്റ്റ്, സ്റ്റോറി ബോർഡ് തുടങ്ങിയവ ഉൾപ്പടെയുള്ള എൻട്രികൾ ഏപ്രിൽ 16ന് വൈകിട്ട് 5നകം കൺട്രോളർ, ലീഗൽ മെട്രോളജി, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിലോ ഇ-മെയിൽ വഴിയോ സമർപ്പിക്കണം.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എൻട്രികൾ അയയ്ക്കാം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റിന് അനുസരിച്ചുളള വീഡിയോ നിർമ്മിക്കുന്നതും അതിന്റെ പൂർണ്ണ പകർപ്പവകാശം വകുപ്പിനുമാകും. എൻട്രികൾ തിരസ്‌കരിക്കാനുള്ള പരിപൂർണാവകാശം ലീഗൽ മെട്രോളജി കൺട്രോളറിൽ നിക്ഷിപ്തമായിരിക്കും.

 

പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഏപ്രിൽ 27ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പ്രവേശന ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.

 

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക.

Ø വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി/ ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Ø തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.

Ø ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.

Ø ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.

Ø ട്രാൻസ്ഫോമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

Ø വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.

Ø എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.

Ø എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

 

റഗ്ബി അണ്ടർ 18 ടീം സെലക്ഷൻ ട്രയൽസ്

ബീഹാറിൽ വച്ച് നടക്കുന്ന 7-ാം മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള റഗ്ബി ടീമിന്റെ (ആൺ/ പെൺ) (അണ്ടർ 18 ടീം – 01.01.2007 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) സെലക്ഷൻ ട്രയൽസ് ഏപ്രിൽ 14ന് രാവിലെ 10ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചും വോളിബോൾ (പെൺകുട്ടികൾ), ബാസ്ക്കറ്റ്ബോൾ (പെൺകുട്ടികൾ) (അണ്ടർ 18 ടീം – 01.01.2007 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) എന്നീ ടീമുകളുടെ സെലക്ഷൻ ഏപ്രിൽ 15ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചും നടത്തും.

 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട്‌ സൈസ് ഫോട്ടോകൾ എന്നിവ സഹിതം ട്രയൽസിന് ഹാജരാകണം.

 

താൽക്കാലിക ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

 

സ്നേഹപൂർവ്വം പദ്ധതി : അപേക്ഷ തീയതി നീട്ടി

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : http://kssm.ikm.in . 30 ന് ശേഷം തീയതി നീട്ടി നൽകില്ല.

error: Content is protected !!