
konnivartha.com: മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കില്‍ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിര്‍മിച്ച് കൃത്യമായ ശുചീകരണ പ്രവര്‍ത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കില്‍ നടന്ന ശുചിത്വ സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍ അധ്യക്ഷനായി. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ. റ്റി. റ്റോജി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അധ്യക്ഷരായ വി. എം. മധു, പോള്‍ രാജന്‍, ലാലി ജോണ്‍, രേഖാ അനില്‍, അംഗങ്ങളായ രജിത കുഞ്ഞുമോന്‍, അനില എസ് നായര്‍, സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.