
konnivartha.com:കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവർ വിലയിരുത്തി .
14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ നിർമ്മിച്ചു മണ്ണിട്ടുയർത്തി രൂപപ്പെടുത്തി.പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിർമ്മാണപ്രവർത്തികൾ അന്തിമഘട്ടത്തിലാണ്.രണ്ടു പൈപ്പ് കൽവർട്ട്കളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്.
4 മീറ്റർ വീതിയുണ്ടായിരുന്ന വട്ടമൺ കുപ്പക്കര റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പൂർത്തികരിച്ചിട്ടുണ്ട്. ഇവിടെ 5.5 മീറ്റർ വീതിയിലാണ് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത്.റോഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.ഇതിനായി PWD കെ എസ് ഈ ബി ക്ക് 35 ലക്ഷം രൂപ നൽകിയിട്ടുണ്ട്.റോഡിലുള്ള വാട്ടർ അതോറിറ്റി ലൈനുകൾ മാറ്റുന്നതിനായി വാട്ടർ അതോരിറ്റിക്ക് PWD 95 ലക്ഷം രൂപയും അടച്ചിട്ടുണ്ട്.
വട്ടമൺ മുതൽ മുരിങ്ങ മംഗലം വരെയുള്ള പ്രധാന റോഡിന്റെ 12 മീറ്റർ വീതിയിലുള്ള ഭൂമി ഏറ്റെടുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടെ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം പുരോഗമിക്കുകയാണ്.ഇവിടെ 9.5 മീറ്റർ ആധുനിക നിലവാരത്തിൽ ബിഎം.ബി സി സാങ്കേതികവിദ്യയിലാണ് റോഡ് ടാർ ചെയ്യുന്നത്. റോഡിന്റെ ഒരുവശത്ത് പൂർണ്ണമായും ഓടയും ക്രമീകരിക്കുന്നുണ്ട്.ആവശ്യമുള്ള ഭാഗങ്ങളിൽ ഐറിഷ് ഓടയും ക്രമീകരിക്കുന്നു.
പ്രവർത്തിയുടെ ഭാഗമായി മുരിങ്ങമംഗലം ജംഗ്ഷനും വികസിപ്പിക്കും.14 കോടി രൂപയാണ് റോഡ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി എട്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള 5 മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമ്മിക്കുക. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്തു നിർമ്മിക്കും. നിർമ്മാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും നിർമ്മിക്കും.
1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും പ്രവർത്തിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമ്മിക്കും. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാപ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിനായി 225 വസ്തു ഉടമകളിൽ നിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.
മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ അനുദിനം വർദ്ധിക്കുന്നതിനാൽ റോഡുകളുടെ നിർമ്മാണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ നിര്‍ദേശം നൽകി.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ യോടൊപ്പം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസ്,പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ വിമല, പൊതുമരാമത്ത് പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ്, സ്പെഷ്യൽ തഹസിൽദാർ വിജു കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാർ, പൊതുമരാമത്ത് അസി.എഞ്ചിനീയർ രൂപക്ക് ജോൺ,കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.