
konnivartha.com: കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും.
ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ തുക അനുവദിച്ചത്.
പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിലെക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും പുതിയ ബസ്റ്റാൻഡിൽ എത്തിയ ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും.
ഭരണാനുമതി ലഭിച്ച പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.