Trending Now

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/04/2025 )

Spread the love

 

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്‌മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ”ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്”ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്‌മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി.

വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഈ ഏജൻസികൾ സാധുവായ ലൈസൻസുകളില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് അയയ്ക്കുന്നതിൽ പങ്കാളികളാണെന്നും കണ്ടെത്തി.

റിക്രൂട്ടിങ് ഏജൻസികളുടെ സേവനങ്ങൾ സ്വീകരിക്കുന്നതിനുമുമ്പ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ അവ നിയമാനുസൃതമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

 

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ മധ്യവേനലവധിക്കാല ക്ലാസുകൾ ഇന്ന് (ഏപ്രിൽ 2) ആരംഭിക്കും

കേരളം സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തുന്നത് പോലെയുള്ള അവധിക്കാല കൂട്ടായ്മകളിലൂടെ സാമൂഹ്യ അന്തരീക്ഷത്തിലെ പലവിധ പൊതുവിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക് ശരിതെറ്റുകൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കേണ്ടതെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2ന് ആരംഭിക്കും.

അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മാറി ശാസ്ത്രബോധത്തെ സംബന്ധിച്ചും യുക്തിചിന്തയെ സംബന്ധിച്ചുമെല്ലാം കുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിയുന്ന വിഷയങ്ങൾ ആണ് ഈ അവധിക്കാല ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി മനസ്സിലാക്കുന്നത്. കുട്ടികൾക്ക് പല മേഖലകളിലെയും പ്രമുഖരുമായി മുഖാമുഖം സംവദിക്കാൻ കഴിയുന്ന സാഹചര്യം ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഇത്തരം അവധിക്കാല കൂട്ടായ്മകൾ സഹായിക്കും. അത് നന്നായി പ്രയോജനപ്പെടുത്താൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും കഴിയണമെന്നു മന്ത്രി പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് എത്രയോ അധികം അറിവും കഴിവും ഉള്ളവരാണ് പുതിയ തലമുറ. ഓരോ തലമുറ കഴിയുമ്പോഴും അവരുടെ അറിവ് കൂടുതൽ മെച്ചപ്പെടുന്ന ഒരു സാഹചര്യമാണ് ലോകത്തുള്ളത്. പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചിരുന്ന സ്ഥാനത്തു നിന്ന് കൈവിരല്തുമ്പിൽ ലോകത്തെ കാണാനും അറിയാനും മനസ്സിലാക്കാനും കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മുടെ പുതിയ തലമുറ വളരുന്നത്. അതിന്റെ നല്ല വശങ്ങൾ പഠിക്കാൻ വേണ്ടിയാണു പുതുതലമുറയിൽ മഹാഭൂരിപക്ഷവും ശ്രമിക്കുന്നത്. പക്ഷേ യുവജനങ്ങളിൽ അപൂർവം ചിലർ വഴി മാറി തെറ്റായ ദിശയിലും സഞ്ചരിക്കുന്നു. അങ്ങനെയുള്ള പ്രവണതകൾ തിരുത്താനുള്ള വല്യ പരിശ്രമം കേരളത്തിൽ സർക്കാർ തന്നെ മുൻകൈ എടുത്തു മുന്നോട്ടു പോകുന്ന ഒരു കാലഘട്ടമാണിതെന്നു മന്ത്രി പറഞ്ഞു. ജവഹർ ബാലഭവന്റെ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തെ മറ്റു പല സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടു മാസക്കാലത്തെ ക്ലാസുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ജോൺ ബ്രിട്ടാസ് എം.പി, മുൻ എം.പി എ സമ്പത്ത്, സാസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി, ചലച്ചിത്ര നടി വിന്ദുജ മേനോൻ, സൈക്യാട്രിസ്റ്റ് അരുൺ ബി.നായർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു എന്നിവർ കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും. വയോജന സദസ്, പാരന്റ്‌സ് ഡേ, ഫുഡ് ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, ബാലസാഹിത്യ പുസ്തകമേള എന്നീ പരിപാടികളും ഉണ്ടായിരിക്കും.

ജവഹർ ബാലഭവൻ ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ബാലഭവൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഒ. കെ. രാജൻ, ബാലഭവൻ പ്രിൻസിപ്പൽ-ഇൻ-ചാർജ് വി കെ നിർമ്മലകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2ന് ആരംഭിക്കും. കൂടുതൽവിവരങ്ങൾക്ക് ഫോൺ : 2316477/ 8590774386.

 

സഹകരണ എക്‌സ്‌പോ: ഏജൻസികൾ ഹാജരാകണം

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കനകക്കുന്ന് പാലസിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോ-2025 (മൂന്നാം എഡിഷൻ) നു ആവശ്യമായ ബാഗ്, മൊമന്റോകൾ മറ്റു സാധനങ്ങൾ എന്നിവ തയ്യാറാക്കി നൽകുന്നതിനു താൽപര്യമുള്ള ഏജൻസികൾ ഏപ്രിൽ 7ന് രാവിലെ 11.30 മണിക്ക് തിരുവനന്തപുരം, ജഗതി, ഡി.പി.ഐ ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330825, 9495656355 വെബ്സൈറ്റ്: cooperation.kerala.gov.in.

 

വൃത്തി കോൺക്ലേവ്: ദേശീയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ പങ്കെടുക്കും

ഏപ്രിൽ 9ന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും വഴിയൊരുക്കുക എന്നതാണ് സെഷനുകളുടെ ലക്ഷ്യം. ഏഴു മേഖലകളിലായി അറുപത് സെഷനുകളിലായി ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ മേഖലകളാക്കി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.

കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ശുചിത്വമിഷൻ, കേരള ഖര മാലിന്യ സംസ്‌കരണ പദ്ധതി, കില, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് സെഷനുകൾ നടക്കുന്നത്. ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഇംപാക്ട് കേരള, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, സ്മാർട്ട് സിറ്റി തിരുവനന്തപുരം, ഐകെഎം, മലിനീകരണ നിയന്ത്രണ ബോർഡ്, അമൃത് കേരള, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.

 

ചെയർമാനായി ചുമതലയേറ്റു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.കെ. ഹരികൃഷ്ണൻ ചുമതലയേറ്റു.

 

തൊഴിലിടങ്ങളിലെ അതിക്രമം: സിനിമാ മേഖലയിലുള്ളവർക്ക് 3ന് പരിശീലനം

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) 2013 നിയമം സംബന്ധിച്ച് സിനിമാ വ്യവസായത്തിലെ വിവിധ മേഖലയിലുള്ളവർക്ക് ഏപ്രിൽ 3ന് മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീദരൻ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സാമൂഹ്യനീതിയും വനിതാ ശിശുവികസനവും സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.

 

ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

error: Content is protected !!