
വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ
konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നല്‍കി വരുന്നു . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ പല സ്ഥലവും മാറ്റമില്ലാതെ തുടരുന്നു . കോന്നി ,കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അൾട്രാവയലറ്റ് സൂചിക മുന്നില്‍ ആണ് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം എന്നുള്ള മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി വരുന്നു .
വേനല്‍ മഴയില്‍ കോട്ടയം ആണ് മുന്നില്‍ . 24.4 മില്ലിമീറ്റർ വേനൽമഴ ലഭിച്ചു.പ്രീ മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്.രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ല (99.8 മിമീ). മഴ ലഭിച്ചിട്ടും അന്തരീക്ഷത്തിലെ ചൂടിനു കുറവ് ഇല്ല .ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഉയർന്ന പകൽ ചൂട് 35.1 ഡിഗ്രി സെൽഷ്യസ് വരെ എത്തി.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.