Trending Now

ശബരിമല:വിഷുക്കണി ദർശനം ഏപ്രിൽ 14 ന്

Spread the love

 

പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്.

 

10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങിയെത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണ് ദേവന്റെ പള്ളിയുറക്കം.ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തുനിന്നു പമ്പയിലേക്ക് പുറപ്പെടും.ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴിയാണ് ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തുക.

പമ്പ ഗണപതികോവിലിൽ ഇറക്കിയാണ് ആറാട്ട് കടവിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നത്..ആറാട്ടിനു ശേഷം 3 വരെ പമ്പ ഗണപതികോവിലിൽ ദേവനെ എഴുന്നള്ളിച്ചിരുത്തും. ഈ സമയം ഭക്തർക്ക് പറ വഴിപാട് സമർപ്പണത്തിനുള്ള സൗകര്യവും ഉണ്ട്.വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് തുറക്കും. വിഷു പൂജകൾ കൂടി പൂർത്തിയാക്കി 18നാണ് നട അടയ്ക്കുന്നത്.

18 ദിവസം ദർശനത്തിന് അവസരം ലഭിക്കും. ഇത്തവണത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്.ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് ദേവസ്വം ബോർഡ് തുടങ്ങി. വെർച്വൽ ക്യു ഇല്ലാത്തവർക്ക് പമ്പ ഗണപതികോവിൽനിന്ന് പാസ് എടുത്ത് സന്നിധാനത്തേക്ക് പോകാം. തിരക്ക് കൂടുമ്പോൾ മേൽപാലത്തിലൂടെയും തിരക്ക് കുറയുമ്പോൾ ബലിക്കൽ പുര വഴിയും കടത്തി വിടുന്ന ഹൈബ്രിഡ് ദർശന രീതിയാണ് ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കുന്നത്.

 

error: Content is protected !!