Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/03/2025 )

Spread the love

മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത മാതൃകയുമായി പറക്കോട്

മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റ് ചിറ്റയം ഗോപകുമാര്‍ ഇന്ന് (മാര്‍ച്ച് 26)  ഉദ്ഘാടനം ചെയ്യും

സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തില്‍ വ്യത്യസ്ത മാതൃകയുമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്.ജില്ലയിലെ ആദ്യ മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇന്ന് (മാര്‍ച്ച് 26) നിര്‍വഹിക്കും.  2024- 25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 44.71 ലക്ഷം രൂപ യൂണിറ്റിനായി ചെലവഴിച്ചു. ബ്ലോക്കിലെ ഏഴംകുളം, ഏറത്ത്,  ഏനാദിമംഗലം, കലഞ്ഞൂര്‍, കടമ്പനാട്, കൊടുമണ്‍, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പ്രാഥമിക പരിഗണന. വീടുകളില്‍ നിന്ന് 4000 രൂപ യൂസര്‍ ഫീ ഈടാക്കും.  ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് യൂണിറ്റിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ദൂരമനുസരിച്ച് അധിക യൂസര്‍ ഫീ ഈടാക്കുമെന്ന് ബിഡിഒ രജീഷ് ആര്‍ നാഥ് പറഞ്ഞു.

ഗവേഷണ സ്ഥാപനമായ ‘വാഷ്’ ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതികവിദ്യ വികസിപ്പിച്ചു. ഭൗമ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മാണവും തുടര്‍ പരിപാലനവും. സഞ്ചാരം, ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം അറിയുന്നതിനായി വാഹനത്തില്‍ സിസിടിവി കാമറയുണ്ട്.

മണിക്കൂറില്‍ 6,000 ലിറ്റര്‍ പ്രവര്‍ത്തന ശേഷിയുള്ള ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാന്റില്‍ ഖര, ദ്രവ മാലിന്യങ്ങള്‍ വേര്‍തിരിക്കാം. സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ അളവ്, ബാക്ക് വാഷിനു എടുക്കുന്ന സമയം, പൈപ്പ് ബന്ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് സംസ്‌കരണ സമയം വ്യത്യാസപ്പെടാം.  സംസ്‌കരണ ശേഷം ചെറിയ അലവിലുള്ള ഖര മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റും. സംസ്‌കരണത്തിലൂടെ അവസാനം ലഭിക്കുന്ന ജലം കാര്‍ഷിക  ആവശ്യത്തിനായി ഉപയോഗിക്കാം. മണല്‍ ഫില്‍റ്റര്‍, ചാര്‍ക്കോള്‍ ഫില്‍റ്റര്‍, മൈക്രോ ഫില്‍റ്ററുകള്‍, അള്‍ട്രാ-ഫില്‍റ്റര്‍, ക്ലോറിനേഷന്‍ എന്നിങ്ങനെ ഒന്നിലധികം ഘട്ടങ്ങളിലൂടെ മലിനജലം  ശുചിയാകും.

മലിനജല സംസ്‌കരണത്തിന് സ്ഥിരസംവിധാനം നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ ബദലാണിതെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് പറഞ്ഞു.
സംസ്‌കരണ പ്രക്രിയയിലൂടെ ജലാശയങ്ങളിലെയും ഭൂഗര്‍ഭജല മലിനീകരണത്തിന്റെയും സാധ്യത കുറയ്ക്കാനാകും. ഖര-ദ്രാവക വേര്‍തിരിക്കല്‍, ജലാംശം നീക്കി വളമാക്കല്‍, വാട്ടര്‍  ട്രീറ്റ്മെന്റ് , മെംബ്രൈന്‍ ഫില്‍റ്ററേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റില്‍ നടക്കുന്നത്. വിദഗ്ദ പരിശീലനം ലഭിച്ചവരാണ്  യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് (കോണ്‍ക്രീറ്റ്/പ്ലാസ്റ്റിക് ) ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്‌കരിക്കുക. പ്ലാസ്റ്റിക്, അടുക്കള, വ്യാവസായിക, ഖരമാലിന്യങ്ങള്‍ എന്നിവ സംസ്‌ക്കരിക്കാനാകില്ല. പൊതുജനങ്ങള്‍ക്ക് യൂണിറ്റ് ബുക്ക് ചെയ്യുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ നല്‍കും. സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തിനുളള മികച്ച ഉപാധിയാണ് മൊബൈല്‍ യൂണിറ്റെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ പറഞ്ഞു.

ശബരിമല മേടം വിഷു മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ്  പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. സന്നിധാനത്ത്  സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പാക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ് പാര്‍ക്കിംഗിലും ഹില്‍ ടോപ്പിലും ചക്കു പാലത്തും പോലീസ് സുരക്ഷയുണ്ടാകും. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തും. അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും . വനപാതകളില്‍ മുഖാവരണങ്ങള്‍ നിക്ഷേപിക്കുന്നതിന് ബിന്നുകളുണ്ടാകും. വിവിധ ഭാഷകളില്‍ പ്ലാസ്റ്റിക് നിരോധന ജാഗ്രതാ ബോര്‍ഡുകള്‍, അപകട സാധ്യതയുള്ള കടവുകളില്‍ ബാരിക്കേഡുകള്‍, ളാഹ മുതല്‍ പമ്പ വരെയുള്ള 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. പമ്പ- നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസും പമ്പ, എരുമേലി,  പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസും ഏര്‍പ്പെടുത്തും. സന്നിധാനം, പമ്പ , നിലയ്ക്കല്‍ ബേസ് ക്യാമ്പ്,  പത്തനംതിട്ട,  റാന്നി , റാന്നി-പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ പൂര്‍ണ സജ്ജമാക്കും. ആന്റിവെനം ആശുപത്രികളില്‍ ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ആയുര്‍വേദ, ഹോമിയോ താത്കാലിക ഡിസ്‌പെന്‍സറികളുണ്ടാകും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അവധിക്കാല പഠനക്ലാസ്

ആറന്മുള  വാസ്തുവിദ്യാ ഗുരുകുലത്തില്‍  അവധിക്കാല പഠനക്ലാസ്  ”നിറച്ചാര്‍ത്ത്-2025”- ലേക്കുള്ള പ്രവേശനം  ആരംഭിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ക്ലാസ്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ക്ലാസ്  രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ്. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്‍ നിര്‍മാണം, കുരുത്തോല നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വെബ്‌സൈറ്റ് : www.vasthuvidyagurukulam.com,  ഫോണ്‍ :  9188089740, 9605458857, 0468-2319740.

അറ്റന്‍ഡര്‍ ഒഴിവ്

ജില്ലയിലെ ഹോമിയോ  ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍  പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി,  എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍  കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. ഫോണ്‍ : 04734 226063.

തൊഴിലവസരം

‘വിജ്ഞാന പത്തനംതിട്ട’ പദ്ധതി വഴി  ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക്
ഇന്ന്  (മാര്‍ച്ച് 26) അഭിമുഖം നടത്തുന്നു.  ഇന്ന് ഓണ്‍ലൈനായും  ഏപ്രില്‍ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട  മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ  വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍  നേരിട്ടും അഭിമുഖം നടക്കും. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.

വ്യക്തിത്വ വികസന പരിശീലനം

ജില്ലാ പഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍ കോന്നി സിവില്‍ സ്റ്റേഷനിലെ ജോബ് സെന്ററില്‍  ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു.   വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി ഹരികുമാര്‍  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  ജിജോ മോഡി, ജില്ലാ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആര്‍ അജിത് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍  എസ്.ആദില   തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!