
konnivartha.com:കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കൊക്കാത്തോട് വാർഡ് 04 നെല്ലിക്കപ്പാറ ഭാഗത്ത് വനം വകുപ്പിൻ്റെ അധീനതയിലുള്ള മരുതിമൂട്- കരടിപ്പാറ പ്രദേശത്ത് വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം വാങ്ങി വനം വകുപ്പിൻ്റെ നിബന്ധനകൾക്ക് വിധേയമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഭാഗമായി 110 മീറ്ററാണ് ഇപ്പോൾ സഞ്ചാരയോഗ്യമാക്കിയത്.
മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമായത്. പ്രദേശവാസികൾക്ക് ആശുപത്രിയിൽ എത്തുന്നതിനും കുട്ടികൾക്ക് വിദ്യാലയങ്ങളിലേക്ക് എത്തുന്നതിനും ഏറെ കഷ്ടപ്പാട് അനുഭവിച്ച സാഹചര്യത്തിൽ നിന്നും ആശ്വാസമാകുകയാണ് റോഡ് സഞ്ചാരയോഗ്യമായ തോടു കൂടി. വനം വകുപ്പ് 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരമുള്ള 17 നിബന്ധനകൾക്ക് വിധേയമായിട്ടാണ് നിരാക്ഷേപപത്രം നൽകിയത്.
പതിറ്റാണ്ടുകളായി വനം വകുപ്പിൻ്റെ അനുമതി ലഭിക്കാതിരുന്നതിനാലാണ് റോഡ് നിർമ്മാണത്തിന് തടസമായത്. എന്നാൽ വന സംരക്ഷണ സമിതിയുടെ വികസന ഫണ്ട് ഉപയോഗിച്ച് കുറച്ച് ഭാഗം നവീകരിച്ചിരുന്നു. പക്ഷേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഇത്തരത്തിൽ വിനിയോഗിക്കുന്നതിന് തടസമായിരുന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിലിൻ്റെ നിരന്തരമായ ഇടപെടൽ മൂലമാണ് ഇപ്പോൾ വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംങ്ങ് വിഭാഗം സമയബന്ധിതമായി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം വേഗത്തിലാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗ്ഗീസ്, വി.കെ രഘു, അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സന്തോഷ് കുമാർ, ജയപ്രകാശ്, രവീന്ദ്രനാഥ് നീരേറ്റ്, സോമരാജൻ കൊക്കാത്തോട്, സജി തോമസ്, സ്മിത സന്തോഷ് എന്നിവർ പ്രസംഗിച്ചു.