
മോക്ഡ്രില്‍ സംഘടിപ്പിച്ചു
പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാര്‍ എം ടി എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികള്‍ പ്രളയസാഹചര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കേട്ടു മനസിലാക്കി.
ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെടുംപ്രയാര്‍ (മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രില്‍.റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസള്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു തോട്ടപ്പുഴശ്ശേരിയിലേത്.
കേന്ദ്ര -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. തോട്ടപ്പുഴശ്ശേരി, അയിരൂര്‍, കോഴഞ്ചേരി, കോയിപ്രം, ആറന്മുള, മല്ലപ്പുഴശ്ശേരി, ചെറുകോല്‍, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, വടശ്ശേരിക്കര, നാറാണംമൂഴി, റാന്നി, കോട്ടാങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രില്‍ പരിശീലനമാണ് നടന്നത്.
തോട്ടപ്പുഴശ്ശേരിയില്‍ പമ്പാ നദിക്ക് സമീപമുള്ള ഈ പ്രദേശത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എല്ലാ ആളുകളെയും വീടുകളില്‍ നിന്നു ഒഴിപ്പിക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്.
പ്രളയ അറിയിപ്പ് ലഭിച്ച ഉടനെ താഴ്ന്ന പ്രദേശങ്ങളില്‍ അറിയിപ്പ് നല്‍കി. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളില്‍ ക്യാമ്പ് തയ്യാറാക്കി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും തുടങ്ങി അവശ്യസാധനങ്ങള്‍ ക്യാമ്പില്‍ ഒരുക്കി.
ചെറിയ പരിക്കുകളുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രാഥമിക ചികിത്സ നല്‍കി. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കു ചേര്‍ന്നു. റവന്യൂ, അഗ്നിശമനസേന, പോലിസ്, ആരോഗ്യം, ജലസേചനം, വിവര പൊതുജന സമ്പര്‍ക്കം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ , കെ.എസ്.ഇ.ബി, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ആര്‍ കൃഷ്ണകുമാര്‍, ഷീജ ടി ടോജി, ലതാ മോഹന്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, കില എന്‍വിയോണ്‍മെന്റ് സ്പെഷ്യലിസ്റ്റ് ഡോ. എസ് ശ്രീകുമാര്‍, തിരുവല്ല തഹസില്‍ദാര്‍ സിനി മോള്‍ മാത്യു , കോഴഞ്ചേരി ജില്ലാ ആശുപത്രി സിഎംഒ ഡോ പ്രശാന്ത്, അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത്, കോയിപ്രം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, ഡി എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മികവിന്റെ നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പട്ടികജാതി വികസന ഓഫീസാണിത്. ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും വികസന പ്രവര്‍ത്തനങ്ങളാണ് ഓഫീസ് മുഖേന നടപ്പാക്കുന്നത്.
പൊതുജന സേവനങ്ങളില്‍ അതിവേഗ തീര്‍പ്പ് കല്‍പിക്കുന്നതും ആനുകൂല്യ വിതരണത്തിലെ നടപടികളും ഐഎസ്ഒ ഓഡിറ്റ് വിഭാഗം വിലയിരുത്തി. പൊതുജനങ്ങളുടെ അഭിപ്രായവും ശേഖരിച്ചു. സര്‍ക്കാര്‍ സേവനവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച സമയ പരിമിതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി. 15 മിനിറ്റിനുള്ളില്‍ തീര്‍പ്പാക്കിയ നടപടികളും ശ്രദ്ധ നേടി.
ഓരോ ഫയലുകളും അതിവേഗം കണ്ടെത്തി കൃത്യതയും പ്രവര്‍ത്തന ക്ഷമതയും തെളിയിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫീസും ദിനപത്രം, ടെലിവിഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ രേഖപെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുണ്ട്. സ്ഥിരമായി രജിസ്റ്റര്‍ പരിശോധിക്കും. വാട്‌സ്ആപ് ഗ്രൂപ്പ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണ്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി വിരുദ്ധ സെമിനാറുകളില്‍ സ്ഥിരപങ്കാളിത്തമുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുള്‍പ്പെടുന്ന സേവ് ക്ലബും രൂപീകരിച്ചു.
പരാതിപരിഹാര പ്രവര്‍ത്തനങ്ങളിലും സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുന്നതിലും പൊതുജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസര്‍ എസ് ആനന്ദ് പറഞ്ഞു.
മൂന്നാം ഘട്ട ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നത് റവന്യൂ വകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ഏനാത്ത് വില്ലേജില്‍ നിര്‍വഹിക്കുകയായിരുന്നു അദേഹം. ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലാപ്ടോപ്പ്, പ്രിന്റര്‍ , ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു
പത്തനംതിട്ട നഗരസയിലെ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ലാപ്ടോപ്പ്, പ്രിന്റര്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ് ഷമീര്‍ അധ്യക്ഷനായി, വിദ്യാഭ്യാസ നിര്‍വഹണ ഉദ്യോഗസ്ഥ എസ് ബീന പദ്ധതി വിശദീകരണം നടത്തി.
സമ്പൂര്‍ണ ഹരിത പ്രഖ്യാപനവുമായി ആറന്മുള ഗ്രാമപഞ്ചായത്ത്
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹരിത പഞ്ചായത്തായി പ്രസിഡന്റ് ഷീജ ടി ടോജി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍ രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ നായര്‍, അംഗങ്ങളായ പ്രസാദ് വേരുങ്കല്‍, ശരണ്‍ പി ശശിധരന്‍, ശ്രീനി ചാണ്ടിശ്ശേരി, പി എം ശിവന്‍, എ എസ്. മത്തായി, വില്‍സി ബാബു, സിന്ധു ഏബ്രഹാം, ഷീജ പ്രമോദ്, രേഖ പ്രദീപ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍, വി ഇ ഒ ആശ ദേവി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ, ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി അഞ്ചു, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കൊച്ചുമോള്‍ എന്നിവര്‍ പങ്കെടുത്തു.
കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്തം
കോന്നി ഗ്രാമപഞ്ചായത്ത് ഇനി സമ്പൂര്‍ണ മാലിന്യമുക്തം. പ്രിയദര്‍ശിനി ഹാളില്‍ ഹരിത പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷയായി. പഞ്ചായത്തിലെ 36 സിസിടിവി കാമറകള്‍, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്ത്, ബയോ ബിന്നുകള്‍, തുമ്പൂര്‍മൂഴി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിലെ ആറു കോളജുകളെയും ഹരിത കലാലയം ആയി പ്രഖ്യാപിച്ചു. സ്ഥാപന പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ , സെക്രട്ടറി ദീപു, വിവിധ സ്ഥാപന മേധാവികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുത്തംകുഴി അംബേദ്കര്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ എസ് സിനി അധ്യക്ഷയായി. പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
(പിഎന്‍പി 724/25)
ഗതാഗത നിയന്ത്രണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മേലൂട്- കുരമ്പാല റോഡില്‍ ടാറിഗ് പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (23) മുതല്‍ 14 ദിവസത്തേക്ക് ഈ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചുവെന്ന് അടൂര്‍ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കും
വളളിക്കോട് ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ കെട്ടിട നികുതി അടയ്ക്കുന്നതിന് (23) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.