Trending Now

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ:സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ

ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്തെ ഭൂകമ്പങ്ങള്‍ കാര്യമായ നാശന്ഷ്ടത്തിന് കാരണമാകുന്നു.ഇന്ത്യയിലെ 59% പ്രദേശങ്ങള്‍ ഭൂചലന സാധ്യതകള്‍ ഉള്ളതാണ്.ഇതിനെ അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) രാജ്യത്തെ നാല് ഭൂകമ്പ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഹിമാലയം പോലുള്ള പ്രദേശങ്ങളടക്കം ഏറ്റവും ഭൂകമ്പ സാധ്യതയേറിയ മേഖലയാണ് സോൺ-അഞ്ച്. അതേസമയം സോൺ-രണ്ടാണ് ഭൂകമ്പങ്ങള്‍ ഏറ്റവും കുറഞ്ഞ തോതില്‍ ബാധിക്കപ്പെടുന്ന മേഖല. വർഷങ്ങളായി നിരവധി വിനാശകരമായ ഭൂകമ്പങ്ങൾ ഇന്ത്യ അനുഭവിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന ഭൂകമ്പങ്ങൾ

1905 ലെ കാംഗ്ര, 2001 ലെ ഭുജ് എന്നീ ഭൂകമ്പങ്ങളാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളില്‍ ചിലത്. ഹിമാചൽ പ്രദേശിൽ 8.0 തീവ്രത രേഖപ്പെടുത്തിയ കാംഗ്ര ഭൂകമ്പത്തില്‍ 19,800 പേരാണ് മരിച്ചത്. 2001 ൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭുജ് ഭൂകമ്പം 12,932 പേരുടെ ജീവനെടുക്കുകയും 890 ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഈയിടെ 2025 ഫെബ്രുവരി 17 ന് ഡൽഹിയിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെ ഇന്ത്യയിലുണ്ടായ 159 ഭൂകമ്പങ്ങൾ ദുരന്ത പ്രതിരോധത്തിലെ രാജ്യത്തിന്റെ ഭാവി തയ്യാറെടുപ്പിനെക്കുറിച്ച് ആശങ്കയുയർത്തുന്നു.

ഭൂകമ്പ സുരക്ഷയ്ക്ക് സർക്കാർ സംരംഭങ്ങൾ

ഭൂകമ്പ സുരക്ഷ വർധിപ്പിക്കുന്നതിനായി സർക്കാർ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്:
ഈ ശ്രമങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ ബാധിച്ച രാജ്യങ്ങൾക്ക് ഭാരത സര്‍ക്കാര്‍ മാനുഷിക സഹായവും ദുരന്ത നിവാരണ സേവങ്ങളും (എച്ച്എഡിആര്‍) സജീവമായി നൽകിവരുന്നു. ‘വസുധൈവ കുടുംബകം’ എന്ന ആശയമുയർത്തിപ്പിടിച്ചുകൊണ്ട് 2023 ഫെബ്രുവരിയിലെ വിനാശകരമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുർക്കിയെയിലേക്കും സിറിയയിലേക്കും ഇന്ത്യ എന്‍ഡിആര്‍എഫ് സംഘങ്ങളെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും അവശ്യ ദുരിതാശ്വാസ സാമഗ്രികളെയും വിന്യസിച്ചുകൊണ്ട് ഉടനടി സഹായമുറപ്പാക്കി.

ഭൂകമ്പ തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള പ്രധാന സർക്കാർ ഏജൻസികൾ

രാജ്യത്തെ ഭൂകമ്പ അപകടങ്ങള്‍ കുറയ്ക്കുന്നതിലും ദുരന്തപ്രതികരണത്തിലും നിരവധി പ്രധാന ഏജൻസികൾ നിർണായക പങ്കുവഹിക്കുന്നു. ഭൂകമ്പങ്ങള്‍ നിരീക്ഷിക്കാനും ദുരന്ത നിവാരണ നയങ്ങൾ വികസിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ ഫലപ്രദമായ പ്രതികരണം ഉറപ്പാക്കാനും ഈ സംഘടനകൾ ചേര്‍ന്നു പ്രവർത്തിക്കുന്നു.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്): 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) രൂപീകരിച്ചത്. പ്രകൃതി ദുരന്തങ്ങൾക്കും മനുഷ്യനിർമിത ദുരന്തങ്ങൾക്കും വിദഗ്ധ പ്രതികരണം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 8 സേനാവിഭാഗങ്ങളുമായി 2006 ൽ സ്ഥാപിതമായ എൻ‌ഡി‌ആർ‌എഫ്. ഇന്ന് 1,149 ഉദ്യോഗസ്ഥരടങ്ങുന്ന 16 സേനാവിഭാഗങ്ങളായി വികസിച്ചു.

ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍സിഎസ്): 1898 ൽ അലിപൂരിൽ (കൊൽക്കത്ത) ആദ്യ ഭൂകമ്പ നിരീക്ഷണ നിലയം സ്ഥാപിച്ചതോടെയാണ് ഇന്ത്യയുടെ ഭൂകമ്പ നിരീക്ഷണത്തിന് തുടക്കമായത്. ഇന്ന് രാജ്യത്തുടനീളം ദേശീയ ഭൂകമ്പശാസ്ത്ര ശൃംഖല ഭൂചലനങ്ങള്‍ നിരീക്ഷിക്കുന്നു. ശേഖരിച്ച വിവരങ്ങള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ, സംസ്ഥാന അധികാരികളുമായി പങ്കിടുന്നു. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഈ സംവിധാനം ഗവേഷണം നടത്തുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ): 2005 ഡിസംബർ 23-ന് പ്രാബല്യത്തില്‍വന്ന ദുരന്ത നിവാരണ നിയമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. ഓരോ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസിഡിഎംഎ) പ്രവര്‍ത്തിക്കുന്നു. എന്‍ഡിഎംഎ ദുരന്ത നിവാരണ നയങ്ങൾ രൂപീകരിക്കുമ്പോള്‍ ഭൂകമ്പങ്ങളടക്കം ദുരന്തങ്ങള്‍ക്ക് പ്രതിരോധ പദ്ധതികൾ ആവിഷ്ക്കരിക്കാനും അവ നടപ്പാക്കാനും ചുമതല എൻ ഡി എംഎ-കൾക്കാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എന്‍ഐഡിഎം): 1995-ൽ നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്‌മെന്റ് (എന്‍സിഡിഎം) എന്ന പേരില്‍ ആരംഭിച്ച ഈ കേന്ദ്രം 2005-ൽ പരിശീലനത്തിലും നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എന്‍ഐഡിഎം) എന്ന് പുനർനാമകരണം ചെയ്തു. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും ഗവേഷണം നടത്തുന്നതിനും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം എന്‍ഐഡിഎം നിര്‍വഹിക്കുന്നു.

പ്രധാന ഭൂകമ്പ സുരക്ഷാ നടപടികളും ഗവേഷണ സംരംഭങ്ങളും

ഭൂകമ്പ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വിവിധ സുരക്ഷാ മാർഗനിർദേശങ്ങൾ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, അപകടസാധ്യത വിലയിരുത്തലുകൾ എന്നിവ നടപ്പാക്കിവരുന്നു. സുരക്ഷാ വിവരങ്ങൾ നൽകുന്നതിലും അപകടസാധ്യത നിരീക്ഷിക്കുന്നതിലും ഭാവി ഭൂകമ്പ അപകടങ്ങളെ നേരിടാന്‍ തയ്യാറെടുക്കുന്നതിലും ഈ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ഭൂകമ്പ സുരക്ഷാ മാർഗനിർദേശങ്ങൾ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ദുരന്ത പ്രതിരോധശേഷിയുള്ള സുരക്ഷിതമായ വീടുകൾ നിർമ്മിക്കാൻ ഹോം ഓണേഴ്‌സ് ഗൈഡ് (2019) വീട്ടുടമസ്ഥരെ സഹായിക്കുന്നു. പുതിയ വീടുകൾ നിർമിക്കുന്നവർക്കും ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങുന്നവർക്കും ഭൂകമ്പ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് ദി സിംപ്ലിഫൈഡ് ഗൈഡ്‍ലൈന്‍സ് (2021).

ഭൂകമ്പ മുന്നറിയിപ്പ് (ഇഇഡബ്ല്യു): ഹിമാലയൻ മേഖലയില്‍ ഒരു ഭൂകമ്പ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെങ്ങും വ്യത്യസ്ത തീവ്രതകളിലുണ്ടാകുന്ന ഭൂകമ്പങ്ങൾ എന്‍സിഎസ് രേഖപ്പെടുത്തുകയും ഈ വിവരങ്ങള്‍ വെബ്‌സൈറ്റിൽ പൊതുവായി പങ്കിടുകയും ചെയ്യുന്നു.

ഭൂകമ്പ അപകടസാധ്യത സൂചിക (ഇഡിആര്‍ഐ): എന്‍ഡിഎംഎ-യുടെ ഇഡിആര്‍ഐ പദ്ധതി ഇന്ത്യൻ നഗരങ്ങളിലെ ഭൂകമ്പ അപകടസാധ്യതകൾ പഠിക്കുന്നു. ദുരന്ത ലഘൂകരണ ശ്രമങ്ങൾ നയിക്കുന്നതിനുവേണ്ടി അപകടസാധ്യത, ദൗര്‍ബല്യം, മുന്‍ ഭൂകമ്പ അനുഭവം എന്നിവ വിലയിരുത്തുന്നു. ആദ്യഘട്ടത്തില്‍I 50 നഗരങ്ങളാണ് ഇതിലുൾക്കൊള്ളുന്നത്. രണ്ടാംഘട്ടത്തില്‍ 16 നഗരങ്ങള്‍കൂടി ലക്ഷ്യമിടുന്നു.

ഉപസംഹാരം

സുപ്രധാന നയങ്ങൾ, സുരക്ഷാ മാര്‍ഗനിർദേശങ്ങൾ, നേരത്തെയുള്ള മുന്നറിയിപ്പ്, സംവിധാനങ്ങളുടെ വികസനം എന്നിവയിലൂടെ ഭൂകമ്പ പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്താന്‍ ഇന്ത്യ സജീവമായി പ്രവർത്തിച്ചുവരുന്നു. പൊതുജന അവബോധ പ്രചാരണ പരിപാടികള്‍ക്കൊപ്പം ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും അപകടസാധ്യത കുറയ്ക്കുന്നതിലും സർക്കാർ ഏജൻസികളും നിർണായക പങ്കുവഹിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങൾ ഭാവി ഭൂകമ്പങ്ങളില്‍നിന്ന് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറെ നിർണായകമാണ്. എന്നിരുന്നാലും ജനങ്ങള്‍ വിവരങ്ങൾ അറിഞ്ഞിരിക്കുകയും സ്വയം പരിരക്ഷിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം. ദുരന്തഘട്ടങ്ങളില്‍ ജനങ്ങളുടെ തയ്യാറെടുപ്പും അവബോധവും നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കുകയും ജീവൻ രക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

error: Content is protected !!