Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/03/2025 )

Spread the love

തോട്ടപ്പുഴശ്ശേരിയില്‍ (മാര്‍ച്ച് 22) മോക്ഡ്രില്‍

റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത്   മോക്ഡ്രില്‍ സംഘടിപ്പിക്കും.

സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും  കിലയും സംയുക്തമായാണ്  നടത്തുക.   പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി  സഹകരിക്കും.

ഭൂമി ഏറ്റെടുക്കല്‍ :  ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാനതല ‘സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ്’ അംഗീകൃത ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ മാര്‍ച്ച് 28 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്, പത്തനംതിട്ട  മേല്‍വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. നിലവില്‍ സംസ്ഥാന/ജില്ലാ തല ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും  പുതുതായി അപേക്ഷ സമര്‍പ്പിക്കണം.   ഫോണ്‍ : 0468 2222515.


സന്തോഷിക്കാന്‍ ഒരിടം:
ഹാപ്പിനെസ് പാര്‍ക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഗ്രാമ തനിമയില്‍ മനോഹര പാര്‍ക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകള്‍ കണ്ട് മനം കവരാന്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വേളൂര്‍ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാര്‍ക്ക്. ഒരുവശത്ത് വിശാലമായ പാടശേഖരവും മറുവശം ന്യൂ മാര്‍ക്കറ്റ് തോടുമാണ്. പാതയോരത്ത് ചാരുബെഞ്ചുകളും ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം ഉപകരണങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തോടിലൂടെ ബോട്ടിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു അടിയോളം വലിപ്പമുള്ള ഇരുപതോളം വൃക്ഷതൈകള്‍ ചാരുബെഞ്ചുകള്‍ക്ക് ചുറ്റും നട്ടുപിടിപ്പിക്കും. മാലിന്യത്തില്‍ നിന്ന് നിര്‍മിച്ച കരകൗശല വസ്തുക്കളും ശില്‍പ്പങ്ങളും കൊണ്ട് പാര്‍ക്ക് അലങ്കരിക്കും. സെല്‍ഫി പോയിന്റുകളും ഇതിനൊപ്പമുണ്ട്. പദ്ധതിക്കായി ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

ജന്മദിന ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങിയവ സംഘടിപ്പിക്കും വിധമാണ് പാര്‍ക്ക് ഒരുക്കുന്നത്. മാസത്തിലൊരിക്കല്‍ പാര്‍ക്കില്‍ ഹാപ്പിനെസ് ഡേ ആഘോഷിക്കും. ചെസ്, കാരംസ് തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കും. കുടിവെള്ളം, സൗജന്യ വൈഫൈ,  സിസിടിവി എന്നിവ തയ്യാറാക്കും. പരിസ്ഥിതി സംരക്ഷണം, കല, സര്‍ഗാത്മകത എന്നിവ വളര്‍ത്തി വേനലവധി ആഘോഷമാക്കാനാണ് ലക്ഷ്യം. ഏപ്രില്‍ ആദ്യ വാരത്തോടെ പാര്‍ക്ക് പൂര്‍ണസജ്ജമാകും. പാഴ്വസ്തുക്കള്‍ സൃഷ്ടിപരമായ രീതിയില്‍ ഉപയോഗിച്ചും സാധ്യമായ എല്ലാ വിധത്തിലും സന്തോഷം പകര്‍ന്ന്  പഞ്ചായത്തിനെ വൃത്തിയുള്ളതും ഹരിതാഭവുമാക്കുക എന്നതാണ് ഹാപ്പിനെസ് പാര്‍ക്കിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.


ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡിനു സമീപം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു.  പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഉപയോഗശേഷം പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ 15 വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ജയ എബ്രഹാം, എം സി ഷൈജു, ശാന്തമ്മ ആര്‍ നായര്‍ , സനല്‍കുമാരി, സൂസന്‍ വര്‍ഗീസ്, ചന്ദ്രു കുമാര്‍,  മാത്തന്‍ ജോസഫ്, ടി വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍

കുടുംബശ്രീ മിഷന്റെ സ്നേഹിത എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കോന്നിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കലാണ് ലക്ഷ്യം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍ രഞ്ചു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ഡി.വൈ.എസ്.പി ടി രാജപ്പന്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ്

പെരിങ്ങര ഗ്രാമപഞ്ചായത്ത് 2025-2026 ബജറ്റ് വൈസ് പ്രസിഡന്റ്  ഷീന മാത്യു അവതരിപ്പിച്ചു. 31.41 കോടി രൂപ വരവും 30.83 കോടി രൂപ ചെലവും 57.81 ലക്ഷം നീക്കിയിരുപ്പുമുണ്ട്. കാര്‍ഷിക മേഖല, പാര്‍പ്പിടം, മാലിന്യമുക്തം, സാമൂഹ്യ ക്ഷേമം, മൃഗ- മത്സ്യ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ വികസനം, പട്ടികജാതിയില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ഒരു മുറി, ഭിന്നശേഷിക്കാര്‍, പാലിയേറ്റീവ് കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക സുരക്ഷ പദ്ധതി തുടങ്ങിയവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി. പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷനായി.

അങ്കണവാടിക്ക് തറക്കല്ലിട്ടു

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന എണ്ണിക്കാട് 16-ാം നമ്പര്‍ അങ്കണവാടിയുടെ തറക്കല്ലിടല്‍ പ്രസിഡന്റ്  കെ ബി ശശിധരന്‍ പിള്ള  നിര്‍വഹിച്ചു. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വിഹിതവും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം.

മനസോടിത്തിരിമണ്ണ് എന്ന സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി ആഞ്ചാലി മൂട്ടില്‍ എബ്രഹാം പുന്നൂസ് എന്ന വ്യക്തിയാണ് അങ്കണവാടി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്.

വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. കെ വിജയന്‍, അംഗങ്ങളായ അമിത രാജേഷ് , എം എസ് മോഹന്‍, അമ്മിണി ചാക്കോ, ത്രേസ്യാമ്മ  കുരുവിള, പ്രിയവര്‍ഗീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം എന്നിവര്‍ പങ്കെടുത്തു.

വാദ്യോപകരണങ്ങള്‍  വിതരണം ചെയ്തു

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്തു. പ്രസിഡന്റ് ചുമതല വഹിക്കുന്ന ബിജോ പി മാത്യു അധ്യക്ഷനായി. അംഗങ്ങളായ  സോണി കൊച്ചുതുണ്ടിയില്‍, ബിജിലി പി ഈശോ , സാലി ഫിലിപ്പ്,  ടി ടി വാസു, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ഗീതു മുരളി, അസിസ്റ്റന്റ്  സെക്രട്ടറി പി രേണു എന്നിവര്‍ പങ്കെടുത്തു.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍  ആറുമാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത- പ്ലസ് ടു/ ബിരുദം
ഫോണ്‍ : 7306119753.


സ്റ്റേഷനറി വിതരണം മുടങ്ങും

വാര്‍ഷിക സ്റ്റോക്കെടുപ്പ്  പ്രമാണിച്ച് ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേഷനറി വിതരണം മുടങ്ങുമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിര കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. ഇലവുംതിട്ട ഡോ. അംബേദ്കര്‍ അണ്‍ എയ്ഡഡ് സ്‌കൂളിന് കോവിഡ് കാലത്ത് റദ്ദാക്കിയ അംഗീകാരം പുനഃസ്ഥാപിക്കാന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിന് എതിര്‍കക്ഷികളായ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സ്പെഷ്യല്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ടുമായി ഹാജരാകണമെന്ന് നിര്‍ദേശിച്ചു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് നാരങ്ങാനം സ്വദേശി സമര്‍പ്പിച്ച പരാതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

error: Content is protected !!