
വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം (മാര്‍ച്ച് 21)
വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വയംപര്യാപ്തതയുടെ അടയാളം മൈലപ്ര കുടുംബശ്രീ വനിതാ സംരഭം മൂന്നാം വര്‍ഷത്തിലേക്ക്
ജില്ലയുടെ സംരംഭക അധ്യായത്തില്‍ സ്വയംപര്യാപ്തതയുടെ അടയാളവുമായി മൈലപ്ര കുടുംബശ്രീ. കുടംബശ്രീയിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് ‘ദീപം’ എന്ന പേരില്‍ കറിപൊടികള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നു. കുടുംബശ്രീയുടെ വ്യവസായിക പദ്ധതിയില്‍ നിന്നും ലഭിച്ച നാല് ലക്ഷം രൂപയുമായി 2022 ലാണ് ദീപം കറിപൊടി പ്രവര്‍ത്തനം ആരംഭിച്ചത്. ഗീത മുരളി, രാജി വില്‍സണ്‍ , പി ആര്‍ രജനി, അഞ്ജു വിജയന്‍ , രമാ മുരളി എന്നിവരാണ് നടത്തിപ്പുകാര്‍. മൈലപ്ര പേഴുംകാടാണ് സ്ഥാപനം.
മുളക് , മല്ലി , മഞ്ഞള്‍ , കാപ്പി , ചിക്കന്‍ മസാല , ഗോതമ്പ്, സാമ്പാര്‍, അരി , റാഗി, ചോളം എന്നിവ ദീപം എന്ന പേരില്‍ വിപണിയിലുണ്ട്. വെളിച്ചെണ്ണ, ചമ്മന്തി പൊടി, ഉപ്പേരി , അച്ചാറുകള്‍ എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കുന്നു. കുടുംബശ്രീ മേളകളിലെ സ്ഥിര സാന്നിധ്യമാണ് ദീപം കറി പൊടി. വിഷു മുന്നൊരുക്കവുമായി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. 500 ഗ്രാം, ഒരു കിലോ അളവുകളിലാണ് പായ്ക്കിങ്ങ്.
2023 ഡിസംബറില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും പൊടിക്കാനുള്ള ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. കായംകുളത്തു നിന്നാണ് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നത്. കഴുകി ഉണക്കി പൊടിക്കേണ്ടവയും മറ്റുള്ളവയും തരം തിരിക്കുന്നതും വില്‍പനയ്ക്ക് എത്തിക്കുന്നതും അഞ്ചു പേരും ഒരുമിച്ചാണ്. മുന്നോട്ട് വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് തയ്യാറാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.
ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും
ലോകവദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. മാര്‍ച്ച് 20 ലോകവദനാരോഗ്യ ദിനമാണ്. സന്തുഷ്ട വദനം സന്തുഷ്ട മനസ് എന്നതാണ് ദിനാചരണ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത.് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി, സൂപ്രണ്ട് ഡോ.എം.എ ഷാനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജെ.എം പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിത കലാലയ പ്രഖ്യാപനം
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എന്‍എസ്എസ് പോളിടെക്‌നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍ അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പ്രീത, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജി അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ അംഗീകാര നിറവില്‍ ഏഴംകുളം കുടുംബാരോഗ്യകേന്ദ്രം
ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഏഴംകുളം കുടുംബാരോഗ്യത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ , ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം നല്‍കുന്നത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.
പാര്‍പ്പിട മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ്
പാര്‍പ്പിട മേഖലയ്ക്കും ശുചിത്വ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 2025-26 വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷ അവതരിപ്പിച്ചു. 24.06 കോടി രൂപ ആകെ വരവും 23.27 കോടി രൂപ ചെലവും 78.88 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ്. പ്രസിഡന്റ് ജെ ഇന്ദിരാ ദേവി ആമുഖം അവതരിപ്പിച്ചു. വനിതകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗിനായി 2.5 ലക്ഷം രൂപയും വരുമാനദായക പദ്ധതികളും ഉള്‍പ്പെടുത്തി. കാര്‍ഷിക മേഖലയ്‌ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും പ്രാധാന്യം നല്‍കി.
ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, ചെറുകോല്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, കെ. ആര്‍ സന്തോഷ്, ജയശ്രീ മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ് അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഴക്കാലപൂര്‍വ കാമ്പയിന്‍
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് റബര്‍ മരങ്ങളിലെ ചിരട്ട കമിഴ്ത്തി വെച്ച് മഴക്കാലപൂര്‍വ കാമ്പയിനുമായി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷന്‍
അരുവാപ്പുലം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 25 ഉച്ചയ്ക്ക് രണ്ടുവരെ. വിവരങ്ങള്‍ക്ക് ജില്ലാ മണ്ണുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2224070.
ആലപ്പുഴ ദന്തല്‍ കോളജ് പുതിയ കെട്ടിടത്തില്‍
വണ്ടാനം പോസ്റ്റ് ഓഫീസിന് പിറകില്‍ നഴ്‌സിംഗ് കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ദന്തല്‍ കോളജ് വണ്ടാനം കുറവന്‍തോട് ജംഗ്ഷനിലുളള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാല്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ചികിത്സ ഭാഗികമായി മുടങ്ങുമെന്ന് ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വിവരശേഖരണം
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളായ പട്ടികവിഭാഗ തൊഴിലാളികള്‍ വിവരശേഖരണത്തിനായി മാര്‍ച്ച് 22ന് മുമ്പ് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ : 0468 2325346.
ജൂനിയര്‍ മാനേജര്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – എം കോം ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 28ന് രാവിലെ 11ന് ഹാജരാകണം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. പ്രതിമാസവേതനം 20000 രൂപ. ഫോണ്‍ : 0468 2961144.
ക്വട്ടേഷന്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ നടത്തുന്ന ഗവി ഉള്‍പ്പെടെയുളള വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിടിപിസി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റുമായി ബന്ധപ്പെടണം. ഫോണ്‍ : 9447709944, 0468 2311343.