Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (14/03/2025 )

ഒരു രൂപയും ചെറുതല്ല; ദാഹജലവുമായി പുളിക്കീഴ്

കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജികരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്.

എടിഎം മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് എടിഎമ്മിനുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനു ശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച കുടിവെള്ളത്തിനായി പ്രത്യേക കൗണ്ടറുണ്ട്.

വെള്ളം ശേഖരിക്കാന്‍ കുപ്പിയോ പാത്രമോ കരുതണം. വിദ്യാര്‍ഥികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമാണ് എടിഎം. കുറഞ്ഞ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. ശുദ്ധജലം ഉറപ്പാക്കാനും പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ഉപയോഗം കുറയ്ക്കാനും എടിഎം വഴി സാധിക്കും. സമീപമുള്ള പഞ്ചായത്ത് കിണറില്‍ നിന്നാണ് ജലം ശേഖരിക്കുന്നത്.

എടിഎം ടാങ്കില്‍ ശേഖരിച്ച ജലം അഞ്ചു ഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്നു. ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പാക്കുമെന്നും പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം ജംഗ്ഷനില്‍ നാലാമത്തെ ജല എടിഎം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു പറഞ്ഞു.

ദേശീയ ഉപഭോക്ത്യ അവകാശദിനം  (15)

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ ഉപഭോക്ത്യ അവകാശദിനം പത്തനംതിട്ട നഗരസഭാ ടൗണ്‍ ഹാളില്‍  (മാര്‍ച്ച് 15) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍. ജയശ്രീ അധ്യക്ഷയാകും. ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ആര്‍. നായര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ ഷാജു , കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍, അഡ്വ. ആര്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലേലം

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരത്തിനുള്ള ലേലം മാര്‍ച്ച് 17 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 04734240637.

ക്വട്ടേഷന്‍

വെച്ചുച്ചിറ പോളിടെക്നിക് കോളജിലെ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ടൂളുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 914735266671.

ജി ബിന്‍ വിതരണം ചെയ്തു

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി ബിന്നുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. മാലിന്യമുക്ത നവ കേരളം പദ്ധതി പ്രകാരം അടുക്കള മാലിന്യങ്ങള്‍ ജൈവ വളമാക്കി മാറ്റുന്നതിനയി ആദ്യ ഘട്ടത്തില്‍ 360 പേര്‍ക്കാണ് ജി ബിന്നുകള്‍ നല്‍കിയത്.

ലാപ്‌ടോപ്പ് വിതരണം ചെയ്തു

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം രമാദേവി, പഞ്ചായത്തംഗങ്ങളായ രാജി വിജയകുമാര്‍, റ്റി കെ രാജന്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.


അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരുവര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് വിവിധ കോഴ്സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി പഠനത്തിന് റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദമാണ് യോഗ്യത.
ഫോണ്‍: 7994926081.

കട്ടില്‍ വിതരണം ചെയ്തു

അയിരൂര്‍ ഗ്രാമപഞ്ചായത്ത്  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ ഉദ്ഘാടനം പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നിര്‍വഹിച്ചു. നാല് ലക്ഷം രൂപയ്ക്ക് 84 കട്ടിലുകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, അംഗങ്ങളായ ബെന്‍സണ്‍ പി.തോമസ്, കെ റ്റി സുബിന്‍, പ്രഭാവതി, പ്രീത നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈനി എന്നിവര്‍ പങ്കെടുത്തു.


വായനാ ഉണര്‍വുമായി അക്ഷരജ്വാല പദ്ധതി

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷരജ്വാല പദ്ധതി ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റയും സമൂഹമാധ്യമങ്ങളുടെയും യുഗത്തില്‍ കട്ടികളെ വായനയുടെ ലോകത്തേക്ക്  കൈപിടിച്ചുയര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു.

ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 29 സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരജ്വാല.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, അംഗങ്ങളായ പി വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, വി.പി എബ്രഹാം, ജിജി ചെറിയാന്‍ മാത്യു, ജനറല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ വി മഞ്ചു എന്നിവര്‍ പങ്കെടുത്തു.

അറിയിപ്പ്

ദേശീയ ഭക്ഷ്യ ഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണനാ കാര്‍ഡുകളില്‍ ഇ കെവൈസി ചെയ്യാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം നടത്തുന്ന ഇ പോസ് മെഷീനില്‍ പേര് വരാത്തവര്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ബന്ധപ്പെട്ട് ഇ കെവൈസി  നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!