
Konnivartha. Com :മലയോര നാടിനു കാഴ്ച ഒരുക്കി എങ്ങും നീല വാക പൂവിട്ടു. വന പ്രദേശങ്ങളിലും നദികളുടെ ഓരങ്ങളിലും ഉള്ള വാക മരങ്ങൾ പൂർണ്ണമായും പൂവിട്ടു.കോന്നിയുടെ കിഴക്കൻ മേഖലയിലും ശബരിമലകാടുകളിലും വേനലിന്റെ തുടക്കത്തിൽ തന്നെ പൂ വിരിഞ്ഞു.
മഞ്ഞു മൂടിയ മൂന്നാർ മലകളിൽ വയലറ്റ് വസന്തമൊരുക്കി ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു. ഈ മരങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പള്ളിവാസൽ-മൂന്നാർ ഭാഗത്തും, മൂന്നാർ ഗ്യാപ്പ് റോഡിലും മറയൂർ റോഡിലെ വാഗുവാരയിലും ധാരാളമായി പൂത്തുലഞ്ഞു നിൽക്കുന്നു .
ചിന്നക്കനാലിലും പള്ളിവാസലിലും തലയറിലും ഇത് പലപ്പോഴും കാണാൻ പറ്റും. കാലാവസ്ഥയെ ആശ്രയിച്ചു പൂക്കൾ സാധാരണയായി എട്ട് ആഴ്ച വരെയാണ് നിൽക്കുക. റോഡുകളിൽ വയലറ്റ് നിറമുള്ള പരവതാനി പോലെ വീഴുന്ന പൂക്കൾ സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്നു. ഈ മരങ്ങൾ ഹിൽ സ്റ്റേഷന് ഒരു മാന്ത്രികത സമ്മാനിക്കുന്നുണ്ട്. ഈ പൂവിന്റെ ഉത്ഭവം ദക്ഷിണ അമേരിക്കയിലാണ്.
ബ്രിട്ടീഷുകാരാണ് തേയിലകൾക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടിൽ നിന്നെത്തിച്ച ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്.തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഈ മരങ്ങൾ ഇപ്പോൾ സംരക്ഷണമില്ലാത്തതിനാൽ ഭൂരിഭാഗവും നശിച്ചു തുടങ്ങി. മൂന്നാർ – മറയൂർ റോഡിലാണ് നിലവിൽ ഏറ്റവുമധികം മരങ്ങൾ കാണാൻ കഴിയുന്നത്.
ഡിസംബറിൽ ഇലകൾ പൊഴിയുന്ന മരം മാർച്ച് മാസത്തിൽ പൂവിടാൻ തുടങ്ങും. ഏപ്രിൽ അവസാനം വരെ പൂക്കൾ നിലനിൽക്കുകയും ചെയ്യും. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്ച ഏറെ ഹൃദ്യമാകും.‘നീല വാക’, പരീക്ഷാ മരം, വയലറ്റ് പാനിക് എന്നിങ്ങനെ പല രസകരമായ പ്രാദേശിക പേരുകളിലും ഈ മരം അറിയപ്പെടുന്നു . പരീക്ഷാ സീസണിൽ പൂക്കൾ വിരിയുന്നതിനാലാണ് ഇതിനെ പരീക്ഷാ മരമെന്നു വിളിക്കുന്നത്. മൂന്നാർ യാത്രയിൽ സ്‌ട്രോബെറി തോട്ടങ്ങളും കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ റോയൽ വ്യൂ ബസ് സവാരിയും മാത്രമല്ല ഈ പൂക്കളെ കാണുന്നതും ഉൾപ്പെടുത്താവുന്നതാന്ന്.