
konnivartha.com: വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്.
ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു.
കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷി ഫിന്റെ നേതൃത്വത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെ ളിവെടുത്തു. സ്വർണഖനന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് കിട്ടിയതിനെക്കുറിച്ചും ഇത് കടത്തിക്കൊണ്ടുപോകുന്നതിന് പിന്നിൽ വേറെയും സംഘങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചുവരുകയാണെന്ന് കെ. ഹാഷിഫ് പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പോലീസിന് കൈ മാറുമെന്നും അദ്ദേഹം പറഞ്ഞു.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.ആർ. കേളു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.പി. അമൃത വാച്ചർ കെ. മഞ്ജു. ഡ്രൈവർമാരായ ഷഫീഖ്, സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്വർണഖനനം നടന്നിരുന്ന പ്രദേശമാണ് സുഗന്ധഗിരി. അവർ ഉപേക്ഷിച്ചുപോയ പലവസ്തുക്കളും ഇപ്പോഴും കാടിനുള്ളിൽ അവശേഷിക്കുന്നുണ്ട്.