
konnivartha.com :അടൂര്‍ ഏനാത്ത് ടൗണിൽ മണ്ണടി റോഡിന് എതിർവശത്തുള്ള ചെല്ലം സ്റ്റുഡിയോ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ ഏക ഉപജീവന മാര്‍ഗ്ഗം അടഞ്ഞ തീരാ വേദനയില്‍ ആണ് ഉടമ ചെല്ലം ചേട്ടന്‍ (ഷണ്മുഖദാസ് ) . വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
മുകൾനിലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയ്ക്കുള്ളിൽ പുക ഉയരുന്നത് ചെല്ലന്‍ ചേട്ടന്‍ പുറത്തുനിന്ന് കണ്ടു. ഈ സമയം മറ്റാരും കടയിൽ ഉണ്ടായിരുന്നില്ല.ഉടമ അകത്ത് കയറിയപ്പോഴേക്കും തീ ആളിപ്പടർന്നു. പുറത്തുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ വെളിയിലേക്കുമാറ്റി.
വിവരമറിഞ്ഞെത്തിയ ഏനാത്ത് പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ജനൽച്ചില്ല് പൊട്ടിത്തെറിച്ച് ഏനാത്ത് പോലീസ് എസ്.എച്ച്.ഒ. അമൃത് സിങ് നായകത്തിന്റെ കൈയ്ക്ക് പരിക്കേറ്റു. കൊട്ടാരക്കര നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്റ്റുഡിയോയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം .
ചെല്ലം ചേട്ടന്‍റെ ഏക ഉപജീവന മാര്‍ഗ്ഗം ആയിരുന്നു സ്റ്റുഡിയോ . സ്റ്റുഡിയോയില്‍ ഉള്ള ക്യാമറ അടക്കം ഉള്ള എല്ലാ ഉപകരണവും കത്തി നശിച്ചു . ചെല്ലം ചേട്ടനെ സഹായിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്സ് അസോസിയേഷന്‍( എ കെ പി എ )പത്തനംതിട്ട ജില്ലയിലെ അംഗങ്ങള്‍ തീരുമാനിച്ചു . ചെറുതും വലുതുമായ സാമ്പത്തിക സഹായം നല്‍കുവാന്‍ ആണ് തീരുമാനം . സ്റ്റുഡിയോ വീണ്ടും പ്രവര്‍ത്തിക്കണം .ക്യാമറ അടക്കം ഉള്ള ഉപകരണങ്ങള്‍ വേണം . നമ്മള്‍ക്ക് കൈകോര്‍ക്കാം .