
മെഡിക്കല്‍ കോളേജിൽ പൂർത്തീകരിച്ച മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കും : മന്ത്രി വീണ ജോർജ്
കോന്നി മെഡിക്കല്‍ കോളേജിൽ ലക്ഷ്യ മാർഗ നിർദ്ദേശങ്ങളോട് കൂടിയ മാതൃശിശു സംരക്ഷണ വിഭാഗം ഉടൻ ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് സംസ്‌ഥാന ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോന്നി വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങൾക്കും ലക്ഷ്യ നിലവാരത്തിലുള്ള പരിചരണം കോന്നി മെഡിക്കൽ കോളേജിൽ സാധ്യമാകും. എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഉണ്ട്. കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ വിജയകരമായി തുടർന്ന് വരുന്നു . അഞ്ചുലക്ഷത്തോളം പേർ ഇതുവരെ ക്യാമ്പയിനിൽ പങ്കാളികളായി. ഇത് വഴി 85 പുതിയ കാൻസർ രോഗ നിർണയം സാധ്യമായി. ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും കൂട്ടായ പരിശ്രമവും സമർപ്പണ ബോധവും വള്ളിക്കോടിന് കുടുംബാരോഗ്യ കേന്ദ്രം യഥാർഥ്യമാക്കി.
എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്നും 1.13 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ചടങ്ങിൽ എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ അധ്യക്ഷനായി. പദ്ധതി പൂർത്തീകണത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടുണ്ട്.കോന്നി ആരോഗ്യ മേഖലയിൽ അതിവേഗം വളരുകയാണ്. താലൂക്ക് ആശുപത്രിയിൽ 10 കോടി രൂപയുടെ വികസന പദ്ധതി പൂർത്തിയിലേക്ക് എത്തുന്നു. വള്ളിക്കോടിനെ വികസന പാതയിലേക്ക് നയിച്ച് റോഡ് നവീകരണങ്ങളും കുടിവെള്ളത്തിനായുള്ള പദ്ധതികളും പൂർത്തീകരിച്ചു വരികയാണെന്നും എം എൽ എ പറഞ്ഞു. വള്ളിക്കോട് കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ സി എസ് ആർ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധീകരിച്ച് എത്തിയ റീജനൽ മാനേജർ സി ഉണ്ണി കൃഷ്ണൻരേഖ മന്ത്രി വീണാ ജോർജിനും എം എൽ എ യ്ക്കും കൈമാറി.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ആയിരുന്നു നിർമാണ ചുമതല. അവശ്യ ഫർണിച്ചറുകൾ ഉൾപ്പെടെയാണ് ആശുപത്രി ക്രമീകരിച്ചിരിക്കുന്നത്. 3660 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം. ഫ്രണ്ട് ഓഫീസ് , രണ്ട് ഓ പി കൌണ്ടർ ,പ്രീ ചെക്ക് റൂം,സെർവർ റൂം,ബ്ലഡ് കളക്ഷൻ ഏരിയ,ഫാർമസി , ലാബ്, ഡ്രസ്സിങ് ഏരിയ,നഴ്സിംഗ് സ്റ്റേഷൻ,ഒബ്സെർവഷൻ റൂം എന്നിവയാണ് പുതിയ ആശുപത്രി കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ 3 ഡോക്ടർമാരുടെ സേവനമാണ് വള്ളിക്കോട് ഗവ. ആശുപത്രിയിലുള്ളത്.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ,വൈസ് പ്രസിഡന്റ് സോജി പി ജോൺ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , മറ്റു ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജന പ്രതിനിധികൾ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ശ്രീകുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. നന്ദിനി,ബ്ലോക്ക് എഫ് എച് സി മെഡിക്കൽ ഓഫീസർ ഡോ.സാജൻ ബാബു എന്നിവർ പങ്കെടുത്തു.