Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (22/02/2025 )

ഉപതിരഞ്ഞെടുപ്പ്  (ഫെബ്രുവരി 24)

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (ഫെബ്രുവരി 24) നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. തിരഞ്ഞെടുപ്പ് ഫലം https://www.sec.kerala.gov.in/public/te/ ലിങ്കില്‍ ലഭിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ വാര്‍ഡുകളാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
(പിഎന്‍പി 455/25)

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എം.ഡി.എല്‍.പി.എസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എന്‍.എസ്.എസ്.എച്ച്.എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ സര്‍ക്കാര്‍ എല്‍.പി.എസ് പുറമറ്റം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത്/ മുന്‍സിപാലിറ്റി വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 24 ന് വാര്‍ഷിക പരീക്ഷ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പോളിംഗ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വോട്ടെടുപ്പ് നടപടികള്‍ക്ക് തടസം വരാത്ത വിധത്തില്‍ പരീക്ഷ ഹാളുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ക്രമീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു

പത്രപ്രവര്‍ത്തക പെന്‍ഷന്‍: റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം

വിവിധ കാരണങ്ങളാല്‍ റദ്ദായ പത്രപ്രവര്‍ത്തകപെന്‍ഷന്‍ പദ്ധതി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പിഴപ്പലിശയോടെ ഓണ്‍ലൈനായി അംശദായകുടിശ്ശിക അടയ്ക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 11 ആണ്. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലോ (നേരിട്ടോ /ഫോണ്‍ മുഖേനയോ) ബന്ധപ്പെടണം. മേഖലാ ഓഫീസ്: 0481 2561030, പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്: 04682 222657

ശിലാസ്ഥാപനം 

(ഫെബ്രുവരി 23)

റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം

(ഫെബ്രുവരി 23) ഉച്ച കഴിഞ്ഞ് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിയില്‍ നിന്നു 13.24 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 458/25)

നിര്‍മ്മാണ ഉദ്ഘാടനം  (ഫെബ്രുവരി 23)

മഠത്തുംചാല്‍ മുക്കൂട്ടുതറ റോഡിന്റെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  (ഫെബ്രുവരി 23) വൈകിട്ട് 4.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. റാന്നി ചാത്തന്‍തറയില്‍ നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിഫണ്ട് 17.75 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭിന്നശേഷി കുട്ടികളിലെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

ഭിന്നശേഷി കുട്ടികളിലെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകള്‍ പൊതു സമൂഹത്തിന്റെ ഭാഗമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷാ അശോകന്‍, പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ താമരചാലില്‍, സി.ഡി.പി.ഒ  ജി.എന്‍. സ്മിത, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിജി ആര്‍. പണിക്കര്‍, മറിയാമ്മ എബ്രഹാം, എം.ബി. അനീഷ്, അഡ്വ. വിജി നൈനാന്‍, ചന്ദ്രലേഖ, ജിനു തോമ്പുംകുഴി, ജോര്‍ജ് തോമസ്, സെക്രട്ടറി കെ. വിനീത എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കോണ്‍ക്ലേവില്‍ പെരിങ്ങര, ഓമല്ലൂര്‍, വടശ്ശേരിക്കര, അരുവാപ്പുലം, ഏഴംകുളം, ആറന്മുള എന്നീ പഞ്ചായത്തുകള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ് സി.ഡി.എസുകളില്‍ നിന്നായി 4858 പേരില്‍ സാമ്പിള്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫോക്കസ് ഗ്രൂപ്പ്, സ്‌പോട്ട് മാപ്പിംങ് പ്രവര്‍ത്തനങ്ങളെ പറ്റി പാനല്‍ ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ സിഡബ്ല്യൂസി അംഗം റ്റി. ഗീത മോഡറേറ്റര്‍ ആയി. കില റിസോഴ്‌സ് അംഗവും റിട്ട.വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.എസ് ദീപ, സാമൂഹിക പ്രവര്‍ത്തക എന്‍. ഷൈലജ, ആലപ്പുഴ മുന്‍ അഡിഷണല്‍ ഗവ. പ്‌ളീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാഫിയ സുധീര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
കുളനട പ്രീമിയം കഫേയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷയായി.  ജില്ലാ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ ബിന്ദുരേഖ, ജെന്‍ഡര്‍ കുടുംബശ്രീ മിഷന്‍ ഡിപിഎം പി.ആര്‍ അനുപ, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു

കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ നാലാം വര്‍ഷ എം ഡി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്,  ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഫിലിപ്പ് ജേക്കബ്, ഡോ. കെ എസ്. ജയകുമാര്‍, ഡോ. ബി. അഭിലാഷ് കുമാര്‍, ഡോ.റോഷിനി തങ്കം ജയിംസ്, ഡോ ജിജി അല്‍ഫ്രഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ വിജ്ഞാന കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം, ആരോഗ്യപ്രവര്‍ത്തകരായ അഞ്ജു, അനുമോള്‍, രജിത, പൗര്‍ണമി, ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

അശ്വമേധം 6.0: ഫ്‌ളാഷ് മോബ്  സംഘടിപ്പിച്ചു

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയായ അശ്വമേധം 6.0 കാമ്പയിന്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളം പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കാതലിക്കേറ്റ് കോളജ് എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഭവനസന്ദര്‍ശനത്തിലൂടെ രോഗം ബാധിച്ചവരെ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കകുകയാണ് ലക്ഷ്യം. ‘പാടുകള്‍ നോക്കാം, ആരോഗ്യം കാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കുഷ്ഠരോഗത്തിന് എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്നും ആരംഭത്തില്‍ ചികിത്സിച്ചാല്‍ വൈകല്യങ്ങള്‍  മാറ്റാന്‍ കഴിയുമെന്നും ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ  ലെപ്രസി ഓഫീസര്‍, ഡോ. എസ്.സേതുലക്ഷ്മി, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കൃഷ്ണകുമാര്‍, രാജു, കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ, കാതലിക്കേറ്റ് കോളജ് എന്‍.എസ്. എസ്  പ്രോഗ്രാം ഓഫീസര്‍ ആന്‍സി സാം, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കോന്നി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള മഴവില്ല് പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. 2024-25 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.

ഗതാഗത നിരോധനം

വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയില്‍ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734 256765.

ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ, ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. 15 പേര്‍ക്ക് രണ്ടുവര്‍ഷത്തെ ട്രെയിനി നിയമനം ലഭിക്കും. പ്രായം 21-35. അവസാന തീയതി മാര്‍ച്ച് മൂന്ന്. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വെബ്‌സൈറ്റ് www.keralamediaacademy.orgwww.scdd.kerala.gov.in ഫോണ്‍:0484 242227

പരിശീലകരെ ആവശ്യമുണ്ട്

പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ നടത്തുന്ന പരിശീലന കോഴ്സിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ പരിചയ സമ്പന്നരായ ഫിഷര്‍നെറ്റ് നിര്‍മാണ പരിശീലകരെ ആവശ്യമുണ്ട്. ഫെബ്രുവരി 27 രാവിലെ 10ന് കോളജില്‍ ഹാജരാകണം. ഫോണ്‍: 0479 2304494.

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലീനിംഗ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍: 0468 2214108.

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഏഴ് മുതല്‍ ഒരു വര്‍ഷത്തേക്ക് വേസ്റ്റ് കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ്. ഫോണ്‍: 0468 2214108.

പ്രയുക്തി തൊഴില്‍മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി തൊഴില്‍മേള  സംഘടിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ്, ടെക്നിക്കല്‍, ഓഫീസ് അഡ്മിനിസ്ട്രേഷന്‍   തുടങ്ങിയ മേഖലയില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു,  ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ, ഡിപ്ലോമ,  ബി ടെക്, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍: 0468 2222745, 9645163769, 9496443878.

error: Content is protected !!