![](https://www.konnivartha.com/wp-content/uploads/2025/02/321605745_707342454314509_1864431859802624590_n-880x528.jpg)
കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്.രണ്ട് ഏജന്റുമാരേയും പിടികൂടി.ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി.
വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സൺ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണുംമറ്റുചില ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.റോഡിൽവെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു.
രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചു