Trending Now

ഡൽഹി മുഖ്യമന്ത്രി:രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്.

ഇന്ന് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ‍, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ ഒട്ടേറെ പേർ സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കും.ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചു.

രേഖ ഗുപ്ത

ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് രാജ്യതലസ്ഥാനത്തെ ഇനി നയിക്കുന്നത് .അധികാരമേല്‍ക്കുന്നതോടെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത.

 

ആദ്യമായി എം.എല്‍.എയായപ്പോള്‍ തന്നെയാണ് 50-കാരിയായ രേഖയെ തേടി മുഖ്യമന്ത്രി സ്ഥാനവുമെത്തുന്നത്.ഇതിന് മുമ്പ് സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച വനിതകള്‍.27 വര്‍ഷത്തിനുശേഷം വീണ്ടും ഡല്‍ഹിയില്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ഡല്‍ഹിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.കുട്ടിക്കാലം മുതലേ ആര്‍.എസ്.എസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച രേഖ ഗുപ്ത 1992-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ദൗളത് റാം കോളേജിലെ പഠനകാലത്ത് എ.ബി.വി.പിയിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.

 

1996-1997 വര്‍ഷത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) പ്രസിഡന്റായി. ഡി.യു.എസ്.യുവിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും രേഖ ഗുപ്ത വഹിച്ചിരുന്നു. 2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു.ഹരിയാണയിലെ ജുലാനയില്‍ 1974 ജൂലൈ 19-നാണ് രേഖ ഗുപ്ത ജനിച്ചത്. പിതാവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായി ജോലി ലഭിച്ചതോടെയാണ് രേഖയുടെകുടുംബം ഡല്‍ഹിയിലേക്ക് ചേക്കേറിയത്.

error: Content is protected !!