
ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം (ഫെബ്രുവരി 15) ; കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും
പത്തനംതിട്ട നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.
വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ ചിലവഴിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ-വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘുഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടത്തും. നഗരസഭാ ഉപാധ്യക്ഷ ആമിന ഹൈദരാലി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിമ പിറന്നത് തോമസിന്റെ കരവിരുതില്‍
മഹാത്മാ ഗാന്ധിയുടേതുള്‍പ്പെടെ ജീവസുറ്റ നിരവധി പ്രതിമകള്‍ നിര്‍മിച്ച കോട്ടയം തെങ്ങണ സ്വദേശി തോമസ് ജോസഫാണ് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന കെ.കെ. നായരുടെ പൂര്‍ണകായ പ്രതിമയൊരുക്കിയത്. നാലു മാസം കൊണ്ടാണ് കോണ്‍ക്രീറ്റില്‍ എട്ടടി ഉയരമുള്ള പ്രതിമ തയ്യാറാക്കിയത്. സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോം ഉള്‍പ്പെടെ ആകെ 14 അടിയാണ് ഉയരം. കെ.കെ. നായരുടെ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ച് വിശദമായ പഠനം നടത്തിയശേഷമാണ് പ്രാരംഭ ജോലികള്‍ ആരംഭിച്ചതെന്ന് തോമസ് പറഞ്ഞു. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെയും അടൂര്‍ ടൗണിലെയും ഗാന്ധി പ്രതിമകള്‍ നിര്‍മിച്ചത് തോമസാണ്. ചങ്ങനാശേരിയില്‍ പേട്രന്റ് സെയന്റ് എന്ന ശില്‍പ്പകലാ സ്ഥാപനം നടത്തുന്നുണ്ട്.
വികസന സെമിനാര്‍ (ഫെബ്രുവരി 15)
പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ (ഫെബ്രുവരി 15) 10.30 നു നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സെക്രട്ടറി എ സനല്‍ കുമാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ഭിന്നശേഷി കലാമേള (ഫെബ്രുവരി 16)
ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള (ഫെബ്രുവരി 16) രാവിലെ 9.30 നു കുളനട ആരോഗ്യനികേതനം പാര്‍ക്കില്‍ പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ ഉദ്ഘാടനം ചെയ്യും. വനിതാ-ശിശുവികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷയാകും.
സമാപന സമ്മേളനത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആകും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
മണ്ണിനടിയിലെ പൊന്‍കട്ട ‘കുഞ്ഞാറ്റ’ വിജയഗാഥയ്ക്ക് പത്തരമാറ്റ്
പന്തളം തെക്കേക്കര പഞ്ചായത്തിലെ ‘കുഞ്ഞാറ്റ’ കൃഷികൂട്ടം വിളയിക്കുന്നത് പൊന്‍തിളക്കമാര്‍ന്ന മഞ്ഞള്‍. അഞ്ചുവര്‍ഷത്തെ നിരന്തര പ്രയത്‌നമാണ് ‘തട്ട ബ്രാന്റ്’ എന്ന വിജയസംരംഭത്തിന് പിന്നില്‍. ജൈവകൃഷിരീതിയിലൂടെയാണ് ഉദ്പാദനം. ശുദ്ധമായ ഉത്പന്നമെന്ന ലക്ഷ്യമാണ് ഇങ്ങനെ സാധ്യമാക്കിയത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് വിപണിയിലെത്തിക്കുന്നത്.
കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ‘പ്രതിഭ’യെന്ന മഞ്ഞള്‍ വിത്ത് ഉപയോഗിച്ച് 2021-22 ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് തുടക്കം. 21 ഹെക്ടറിലാണ് വിത്തിട്ടത്. അത്യുത്പാദനശേഷി പ്രകടം- ഒരു ചുവട്ടില്‍ നിന്നും കിട്ടുന്നത് രണ്ട് കിലോയിലധികം.
മഞ്ഞളിന്റെ പൂര്‍ണവളര്‍ച്ചയ്ക്ക് 10 മാസത്തോളമാണ് വേണ്ടത്.
വിളവെടുപ്പ് കാലത്ത് അഞ്ച് അടിയോളം ഉയരത്തിലാകും മഞ്ഞള്‍ചെടി.വിളവെടുത്ത മഞ്ഞള്‍ നാരുംവേരും മാറ്റി കഴുകിവൃത്തിയാക്കി പുഴുങ്ങിഉണക്കിയോ പച്ചയ്ക്ക് അരിഞ്ഞ്ഉണക്കിയോ നിര്‍മാണ സ്ഥലത്ത് എത്തിക്കുന്നത്, ഇവിടെ മഞ്ഞള്‍ പൊടിച്ചു പായ്ക്കും ലേബലും ചെയ്യും. ‘തട്ട ബ്രാന്‍ഡ്’ ഇങ്ങനെയാണ് വിപണിയിലേക്ക് എത്തിക്കുന്നത്.
നിര്‍മാണ യൂണിറ്റിന് സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നല്‍കിയത് ഗ്രാമപഞ്ചായത്ത്. 2022 ലാണ് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
മഞ്ഞളിന്റെ ഗുണം വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ക്രമാനുഗതമായി ആവശ്യക്കാര്‍ ഏറുന്നുണ്ടെന്ന് സംരംഭത്തെ നയിക്കുന്ന മെഴ്‌സി സാക്ഷ്യം. ഇക്കൊല്ലത്തെ വിളവിന്റെ നല്ലപങ്കും പൊടിയാക്കി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കുടുംബശ്രീ ഫെസ്റ്റുകളിലെ സ്ഥിരസാന്നിധ്യവുമാണ് ഉത്പന്നം. മായം ചേര്‍ക്കാത്ത ഇനമെന്ന ഖ്യാതിയാണ് മഞ്ഞളിന്റെ പ്രതിഭത്തിളക്കം.
കിലോയ്ക്ക് 700 രൂപയാണ് വില. കാല്‍, അര, ഒരു കിലോ എന്നിങ്ങനെ വാങ്ങാം. വിപണിമൂല്യം കൂടുന്നതിന് അനുസൃതമായി ഉദ്പാദനവര്‍ധന പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വ്യക്തമാക്കി.
ശുചിത്വപാലനത്തിന്റെ അടയാളപ്പെടുത്തലായി ഹരിത കലണ്ടര്‍
വിശേഷദിനങ്ങളെല്ലാം ശുചിത്വപൂര്‍ണമാക്കാന്‍ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്
മാലിന്യമുക്ത നവകേരളത്തിനായി കൈകോര്‍ക്കുകയാണ് റാന്നിപെരുനാട് ഗ്രാമപഞ്ചായത്തും. റിപബ്ലിക് ദിനത്തില്‍ തുടങ്ങി പൊതുഅവധികള്‍ ഉള്‍പ്പടെ വിശേഷദിവസങ്ങളൊക്കെ പൊതുനന്മയ്ക്കായി സമര്‍പിക്കാന്‍ ഒരുജനതയെ പ്രേരിപ്പിക്കുന്ന ഹരിത കലണ്ടറുമായാണ് തദ്ദേശസ്വയംഭരണസ്ഥാപനം പ്രതിബദ്ധത അടയാളപ്പെടുത്തുന്നത്.
വിശേഷ ദിവസങ്ങള്‍ പച്ച നിറത്തില്‍ അടയാളപ്പെടുത്തിയുള്ള കലണ്ടറിലൂടെയാണ് ശുചിത്വപാലനത്തിലേക്കുള്ള ഓര്‍മപ്പെടുത്തല്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ രേഖയായി കലണ്ടര്‍ മാറുകയുമാണ്.
ശബരിമലയിലെ തീര്‍ഥാടകബാഹുല്യവും വിനോദ സഞ്ചാര മേഖലകളുമാണ് പ്രധാന മാലിന്യനിര്‍മാര്‍ജന വെല്ലുവിളികള്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗൃഹസദസുകളിലൂടെയാണ് വിഷയം ചര്‍ച്ച ചെയ്ത് പരിഹാരമാര്ഗങ്ങളിലേക്കെത്തുന്
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആയിരത്തില്‍ അധികം വനിതകള്‍ അണിനിരക്കുന്ന മാലിന്യവിരുദ്ധസന്ദേശം ഉള്‍ക്കൊള്ളുന്ന പാട്ടാണ് മെഗാതിരുവാതിരയ്ക്ക് ഒരുക്കുക. മാര്‍ച്ച് 25 ന് മഠത്തുമൂഴി മുതല്‍ പെരുനാട് മാര്‍ക്കറ്റ് വരെ ശുചിത്വ ചങ്ങല തീര്‍ത്ത് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുടുംബശ്രീ മുഖാന്തിരമാണ് ഹരിത കലണ്ടര്‍ എത്തിച്ചത്. വ്യക്തിശുചിത്വത്തിനൊപ്പം ചുറ്റുപാടും വൃത്തിയാക്കുന്നതിന്റെ പ്രധാന്യം തലമുറകള്‍ക്ക് പകരുകയാണ് റാന്നിപെരുനാട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍ പറഞ്ഞു.
കുഷ്ഠരോഗ നിര്‍മാര്‍ജന ബോധവല്‍കരണവുമായി ഡോക്ടര്‍മാരുടെ സംഗീത കൂട്ടായ്മ
കുഷ്ഠരോഗ നിര്‍മാര്‍ജന കാമ്പയിന്റെ (അശ്വമേധം 6.0) ഭാഗമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മ റിംഗ്റോഡ് ബീറ്റ്സ് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ സംഗീത പരിപാടിയോടൊപ്പം ബോധവല്‍ക്കരണവും സ്‌ക്രീനിംഗും നടത്തി.
ഡോക്ടര്‍മാരായ ബിബിന്‍ സാജന്‍, രജനീകൃഷണന്‍, ജി.പാര്‍വതി, ജിജോ റ്റി. മാത്യു, അഖില രാജ്, നിഷാന സെയ്ഫ്, ദീപ മാത്യു, എസ് എല്‍ ശ്രീജിത്ത് എന്നിവരാണ് മ്യൂസിക് ബാന്‍ഡിലുള്ളത്.
അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂള്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു
അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂളിലെ സ്റ്റാര്‍സ് വര്‍ണ കൂടാരത്തിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പ്രീപ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കു ഉയര്‍ത്തുന്നതിന്റെ ഭാഗമായി എസ്.എസ്.കെ.പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റാര്‍സ് വര്‍ണ കൂടാരം നിര്‍മിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദ്ദീന്‍ അധ്യക്ഷനായി. വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യാറെജി മുഹമ്മദും കലാപരിപാടി സീരിയല്‍ താരം രമ്യാ മനോജും ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ മഹേഷ് കുമാര്‍, പ്രധാന അധ്യാപിക എം ആര്‍ ശ്രീജ എന്നിവര്‍ പങ്കെടുത്തു .
ടെന്‍ഡര്‍
മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍. 8281999122.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍. 04734256765.
ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്
സംസ്ഥാന – ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, തിരുവല്ല, റാന്നി, അടൂര്‍ കോടതികളിലുമാണ് നടത്തുക. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍ – 0468 2220141.
കെട്ടിടനികുതി ക്യാമ്പ്
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ക്യാമ്പുകളില്‍ കെട്ടിടനികുതി സ്വീകരിക്കും. വാര്‍ഡ്, തീയതി,സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന,് ഫെബ്രുവരി 18, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, സബ്സെന്റര്‍ പിഎച്ച്സി നരിയാപുരം.
രണ്ട്, 21, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വള്ളത്തോള്‍ വായനശാല കൈപ്പട്ടൂര്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ ഇടയാണത്തുഭാഗം
മൂന്ന്, 17, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ജിഎല്‍പിഎസ് കൈപ്പട്ടൂര്‍
നാല്, 20, രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെ, 90-ാം നമ്പര്‍ അങ്കണവാടി മായാലില്‍
അഞ്ച്, 24 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, മന്നത്തേത്ത് ഭാഗം
ആറ്, 15 (ഇന്ന്) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം ആയുര്‍വേദ ആശുപത്രി, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ താഴൂര്‍ ജംഗ്ഷന് സമീപം
ഏഴ്,19, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം കമ്യൂണിറ്റി ഹാള്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ അമ്പൂസ് സ്റ്റോഴ്സ് പുളിനില്‍ക്കുന്നതില്‍
എട്ട്, 22, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കിടങ്ങേത്ത് സൊസൈറ്റി ശാഖ
ഒമ്പത്, 27, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കൊച്ചാലുംമൂട് ജംഗ്ഷന്‍, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ, പട്ടികജാതി സഹകരണസംഘം ഓഫീസ്
10, 28, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 105-ാം നമ്പര്‍ അങ്കണവാടി
11, മാര്‍ച്ച് മൂന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ചീരുവേലില്‍ വീട് വിളയില്‍പടി ജംഗ്ഷന്‍
12, രണ്ട്, രാവിലെ 11 മുതല്‍ വൈകിട്ട് ഒന്ന് വരെ, റേഷന്‍കട കടമുക്ക് ,ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ കാഞ്ഞിരവിള വായനശാല
14, ഫെബ്രുവരി 25, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 84-ാം നമ്പര്‍ അങ്കണവാടി വയലാവടക്ക്
15, മാര്‍ച്ച് ഒന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കൊച്ചുപ്ലാവിളയില്‍ നരിയപുരം കുരിശിന് സമീപം
ഫോണ്‍ : 04682350229.