
konnivartha.com : ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ – വികസന പ്രവർത്തികളുടെ മേൽനോട്ടത്തിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു.
മുഖ്യമന്ത്രി ചെയർമാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നിയിലും സീതത്തോട്ടിലും സ്ഥിരം ഇടത്താവളം ഒരുക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റർ പ്ളാനുമായി ബന്ധപ്പെട്ട റോപ് വേ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് റവന്യൂ ഷെയർ അടിസ്ഥാനത്തിൽ നൽകി നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രാക്ടർ ഉപയോഗിച്ച് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നടത്തി വരുന്ന ചരക്കുനീക്കം പൂർണ്ണമായും റോപ് വേ വഴിയാക്കാൻ കഴിയും.
റോപ് വേ പദ്ധതിയ്ക്കായി പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള4.536 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് പകരമായി കൊല്ലം ജില്ലയിലെ കുളത്തൂർപുഴയിൽ റവന്യൂ ഭൂമി വനം വകുപ്പിന് പരിഹാര വന വത്കരണത്തിനായി കൈമാറിയിട്ടുണ്ട്. വനം, വന്യജീവി ക്ളിയറൻസിനായി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
ശബരിമല തീർത്ഥാനടത്തിന് എത്തിച്ചേരുന്ന ഭക്തർക്ക് സംതൃപ്തമായ തീർത്ഥാടന അനുഭവം നൽകുന്നതിനായി സ്ഥായിയായ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിമല മാസ്റ്റർ പ്ളാനിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത് .
എല്ലാ മാസ്റ്റർ പ്ളാൻ പദ്ധതികളും വേഗത്തിൽ നടപ്പാക്കും. സന്നിധാനത്തിന്റെയും പരമ്പരാഗത പാതയുടെയും വികസനത്തിനായുള്ള രൂപരേഖയ്ക്ക് ഈ വർഷം ജനുവരി ഒൻപതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ശബരിമലയുടെയും സന്നിധാനത്തിന്റെയും ആത്മീയവും പൈതൃകവും മാനിച്ച് പരമ്പരാഗത ശൈലിയിലാണ് രൂപരേഖ തയ്യാക്കിയിട്ടുള്ളത്. ഇവയെല്ലാം വേഗത്തിൽ പൂർത്തീകരിക്കുമെന്നും എല്ലാ ഇടത്താവളങ്ങളിലും ഭക്തർക്ക് മെച്ചപ്പെട്ട രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കമെന്നും മന്ത്രി പറഞ്ഞു.