
കുള്ളാര്‍ ഡാം ഫെബ്രുവരി 12 തുറക്കും
ശബരിമല കുംഭമാസ പൂജയുടെ ഭാഗമായി പമ്പയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് (ഫെബ്രുവരി 12) മുതല്‍ 17 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി (ഡാം സേഫ്ടി ഡിവിഷന്‍) എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേംകൃഷ്ണന്‍ അനുമതി നല്‍കി. ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 20,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പാ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാം.
സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ശില്‍പശാല സംഘടിപ്പിച്ചു
സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ജില്ലാ അഡിഷണല്‍ മജിസ്ട്രേറ്റ് ബി ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, സെബര്‍സെല്‍, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ‘നല്ലൊരു ഇന്റര്‍നെറ്റിനായി ഒരുമിക്കാം’ എന്നതാണ് വിഷയം. സൈബര്‍ പ്രശ്നങ്ങളും സുരക്ഷിത മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ പി ബി അരവിന്ദാക്ഷന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും സംസ്ഥാന ഐടി സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ വിശദീകരിച്ചു. ചെന്നീര്‍ക്കര, അടൂര്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ദിനാചരണം നടത്തി. അക്ഷയ സെന്ററുകളും ദിനാചരണത്തിന്റെ ഭാഗമായി.
വിഷുകണിയൊരുക്കാന്‍ തോലുഴം ഹരിതസംഘം
ജില്ലയില്‍ കണിയൊരുക്കാന്‍ വിഷുക്കണിയില്‍ പ്രഥമനായ കണിവെള്ളരി വിളവെടുപ്പിനായി വിത്തിട്ടു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തോലുഴം ഹരിത സംഘം. വെള്ളരി വിത്ത് പാകി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
തോലുഴം ഹരിതസംഘം പ്രവര്‍ത്തിക്കുന്ന പാറക്കര വാര്‍ഡിലായി 50 സെന്റ് വീതമുള്ള രണ്ട് ഇടങ്ങളിലായാണ് വെള്ളരി കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മേടവിഷുവിനു കണി കാണാന്‍ കണി വെള്ളരി വിളവെടുത്ത അതേ കര്‍ഷകര്‍ തന്നെയാണ് ഇക്കുറിയും കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപണിക്കര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി, പന്തളം കൃഷി ഡയറക്ടര്‍ എസ് കവിത, കൃഷി ഓഫീസര്‍ സി. ലാലി, തോലുഴം ഹരിതസംഘം പ്രസിഡന്റ് എന്‍ ജി പ്രസാദ്, സെക്രട്ടറി, മോഹന്‍കുമാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇനി മുതല്‍ ഹരിതം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനെ ഹരിത കെഎസ്ആര്‍ടിസി ആയി നഗരസഭ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ പ്രഖ്യാപിച്ചു. ജൈവ അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ബിന്നുകളും ബോട്ടില്‍ ബൂത്തും സ്ഥാപിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രമ്യ, കൗണ്‍സിലര്‍മാരായ സീന, പുഷ്പലത, സൗമ്യ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ ബിനോയ്, കൃഷ്ണകുമാര്‍, ഷഹന, സുജിത, അനന്ദു, അമല്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ എന്നിവര്‍ പങ്കെടുത്തു.
‘ലിറ്റില്‍ ഷെഫ് കിഡീസ് കിച്ചണ്‍’ സംഘടിപ്പിച്ചു
പ്രമാടം ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികളുടെ ഭക്ഷ്യപ്രദര്‍ശനം ‘ലിറ്റില്‍ ഷെഫ്, കിഡീസ് കിച്ചണ്‍’ സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില എസ് രാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഭക്ഷണ മര്യാദകള്‍, മിതത്വം, ശുചിത്വം, ഭക്ഷണം പങ്ക് വയ്ക്കല്‍ തുടങ്ങിയവയില്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യപ്രദര്‍ശനം സംഘടിപ്പിച്ചത്. ജി എല്‍ പി എസ് ളാക്കൂര്‍, ജി എല്‍ പി എസ് വി കോട്ടയം, ജി എല്‍ പി എസ് പ്രമാടം, ജി എല്‍ പി എസ് തെങ്ങുംകാവ്, ജി എല്‍ പി എസ് മല്ലശ്ശേരി സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളും പങ്കെടുത്തു.
ഫാ. ജിത്തു തോമസ് മോട്ടിവേഷണല്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനിത്ത് അധ്യക്ഷനായി. ടെലിവിഷന്‍ താരം അജേഷ് റാന്നി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക ശശികല, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏറത്ത് ഗ്രാമപഞ്ചായത്തില്‍ തുടക്കം
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വടക്കടത്തുകാവ് പുന്തലപ്പടി തോട് പുനരുദ്ധാരണോദ്ഘാടനം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ആമ്പാടിയില്‍ നിര്‍വഹിച്ചു.
പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, തീരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളില്‍ തടയണ നിര്‍മിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ കുമാരി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സൂസന്‍ ശശികുമാര്‍, ഡി ജയകുമാര്‍, പുഷ്പവല്ലി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിത ശിവന്‍കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റേഷന്‍ വിതരണം
ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും ഗോതമ്പിനു പകരമായി ആട്ട പാക്കറ്റ് ഒന്നിന് ഏഴ് രൂപ (പരമാവധി മൂന്ന് പാക്കറ്റ് ആട്ട) നിരക്കിലും ലഭിക്കും.
എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി ഒരു കിലോഗ്രാമിന് നാല് രൂപ നിരക്കിലും എന്‍പിഎസ് വിഭാഗത്തിന് അധികമായി കാര്‍ഡ് ഒന്നിന് മൂന്ന് കിലോ സ്പെഷ്യല്‍ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും.
എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് ആറ് കിലോ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍-icdsprojectelanthur@
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍-icdsprojectelanthur@
ടെന്‍ഡര്‍
മല്ലപ്പള്ളി ശിശുവികസന പദ്ധതി പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 8281999122
ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് 18ന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധി വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ ഗാര്‍ഡിയന്‍ഷിപ്പ് (രക്ഷാകര്‍തൃത്വം) നല്‍കുന്നതിനുളള ഹിയറിംഗ് ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734256765.
അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് അങ്കണവാടി വര്‍ക്കര്‍മാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം ഫെബ്രുവരി 14ന് രാവിലെ ഒമ്പത് മുതല്‍ പഞ്ചായത്തുഹാളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അറിയിപ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഫെബ്രുവരി 13ന് മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.04692997331.
സ്വയം തൊഴില്‍ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇന്നു (ഫെബ്രുവരി 12) മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍, തയ്യല്‍ എന്നിവ ആരംഭിക്കുന്നു. പ്രായം 18-45 വയസ്. ഫോണ്‍ :04682270243, 8330010232.
സാധ്യതാ പട്ടിക
ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് / ആയുര്‍വേദ കോളജുകള്‍ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 594/2023) തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന നിലനിര്‍ത്തി 2025 ഏപ്രില്‍ 30വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷ 2025ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സ്വീകരിക്കും. സീനിയോറിറ്റി പുനസ്ഥാപിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ് :www.eemployment.kerala.gov.in ഫോണ്‍ : 0468 2222745.
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍. 04682333037, 9447161577.
വോക്ക് ഇന്‍ ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍(പുരുഷന്‍മാര്‍), സെക്യൂരിറ്റി തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകകളുടേയും അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 17 രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍: യോഗ്യത -ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷ ഡിപ്ലോമ ഇലക്ട്രിക്കല്‍ /പ്ലംബിംഗ്/എസ്ടിപി പ്രവര്‍ത്തനത്തില്‍ ഉള്ള പ്രവൃത്തി പരിചയം. 2025 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.
സെക്യൂരിറ്റി :യോഗ്യത-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷ ജീവനക്കാര്‍ക്ക് സെക്യൂരിറ്റിയായി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഫോണ്‍ : 04734 223236.