
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കൊക്കാത്തോട് മേഖലയിലെ മുണ്ടോം മൂഴി ഭാഗത്ത് മുപ്പതു വയസ്സ് തോന്നിയ്ക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .
കഴിഞ്ഞ രണ്ടു ദിവസമായി തണ്ണിത്തോട് ഭാഗത്ത് കല്ലാര്‍ മേഖലയില്‍ അവശ നിലയില്‍ കണ്ട കാട്ടാനയാണ് ഇതെന്ന് സംശയിക്കുന്നു . ആനയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഇല്ലെന്നു കഴിഞ്ഞ ദിവസം വനപാലകര്‍ അറിയിച്ചിരുന്നു . ആദ്യം ഒറ്റയ്ക്ക് കാണപെട്ട കാട്ടാനയുടെ കൂടെ ഇന്നലെ കുട്ടിയാനയും ഉണ്ടായിരുന്നു . ആനയെ വന പാലകര്‍ കാട് കയറ്റി വിട്ടതാണ് . ഈ ആന കൊക്കാത്തോട് മേഖലയില്‍ എത്തിയപ്പോള്‍ ചരിഞ്ഞതാകാന്‍ ആണ് സാധ്യത .
വേനല്‍ രൂക്ഷമായതോടെ കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ദാഹ ജലം തേടി കാട്ടാനകള്‍ എത്താറുണ്ട് . കല്ലാര്‍ ,അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി വെള്ളം കുടിയ്ക്കുന്ന കാട്ടാനകളെ കാണുന്നതിനു റോഡിലൂടെ പോകുന്ന ആളുകള്‍ വാഹനം നിര്‍ത്തി ഇറങ്ങി ഫോട്ടോ എടുക്കുന്നതും ഒച്ച വെക്കുന്നതും പതിവ് ആണ് . ആനയെ നദിയില്‍ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തരുത് എന്ന് പറയേണ്ട വനം വകുപ്പ് ജീവനക്കാര്‍ ആനയുടെ ചിത്രം പകര്‍ത്താന്‍ ഉള്‍പ്പെടെ ഉള്ള വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു എന്ന് പരാതി ഉണ്ട് .
ചാനല്‍ സംഘത്തിനു മുന്നില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ കാട്ടാനയെ വെള്ളം കുടിക്കാന്‍ പോലും സമ്മതിക്കാതെ ഉഗ്ര സ്പോടന പടക്കം പൊട്ടിച്ചു തുരത്തി വിടുകയാണ് .
കാട്ടില്‍ കുളങ്ങള്‍ നിര്‍മ്മിച്ചുയഥേഷ്ടം വെള്ളം ഉറപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല . നിരവധി കാട്ടാനകള്‍ ആണ് വേനല്‍ കാലത്ത് കാട്ടില്‍ ചരിയുന്നത് . വെള്ളം കുടിക്കാന്‍ നദിയില്‍ ഇറങ്ങുന്ന കാട്ടാനകളെ വെള്ളം കുടിക്കാന്‍ സമ്മതിക്കാതെ ചെവി പൊട്ടുന്ന തരത്തില്‍ പടക്കം പൊട്ടിച്ചു കാട്ടിലേക്ക് തുരത്തുന്ന നിലയില്‍ വനം വകുപ്പ് അധ:പതിക്കരുത് .
കാട്ടില്‍ തന്നെ കുടിവെള്ളം ലഭിക്കാന്‍ വേനല്‍ കാലത്ത് തന്നെ വലിയ കുളങ്ങള്‍ നിര്‍മ്മിക്കണം .മഴക്കാലത്ത് ഇതില്‍ വെള്ളം നിറയും .ഇതൊന്നും കോന്നി വനം ഡിവിഷനില്‍ കൃത്യമായി നടക്കുന്നില്ല . കാട്ടാനകള്‍ക്ക് വേനല്‍ കാലത്ത് കുടിവെള്ളം ലഭിക്കുന്നത് നദികളില്‍ നിന്നും മാത്രം ആണ് .കാട്ടു ചോലകള്‍ എല്ലാം വേനല്‍ തുടക്കത്തില്‍ തന്നെ വറ്റി .