Trending Now

പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം

 

 

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .എസ്.ഐ. ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാത്രം സ്ഥലം മാറ്റിയ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു .പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം എന്നും തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസിലെ ഉന്നതര്‍ പറയുന്നു എങ്കിലും പരാതിക്കാര്‍ തൃപ്തര്‍ അല്ല . എസ് ഐയ്ക്ക് എതിരെ ഉള്ള നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു.സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മര്‍ദിച്ചത്. ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടി ഇല്ല .തലങ്ങും വിലങ്ങും പോലീസുകാര്‍ അടിച്ചു എന്നാണ് പരാതി . തലയടിച്ചുപൊട്ടിച്ചു. തലയ്ക്ക് പരിക്കേല്‍ക്കുക എന്ന് പറഞ്ഞാല്‍ കൊലപാതകശ്രമം തന്നെയാണ്. ആ നിലയ്ക്കുള്ള കേസ് എസ്.ഐക്കെതിരെ എടുക്കണം എന്നാണ് ആവശ്യം . ആരൊക്കെ ആക്രമിച്ചോ അവരൊന്നും ജോലിയില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് പരാതിക്കാരുടെ മുഖ്യ ആവശ്യം . സ്ഥലംമാറ്റ നടപടിയില്‍ തൃപ്തയല്ലെന്ന് പരിക്കേറ്റ സിത്താരയും പറയുന്നു .അത്രയും ഞങ്ങള്‍ അനുഭവിച്ചു. ഒന്നരമാസത്തെ വിശ്രമമാണ് എനിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടിച്ച കാര്യത്തില്‍ ഇത്രയും നിസ്സാരമായ നടപടിയില്‍ സംതൃപ്തരല്ല. എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസും എടുക്കണം എന്ന് സിതാര ആവശ്യം ഉന്നയിച്ചു . പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. എസ്.ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ത്രീകളടക്കമുള്ളവരെ ആളുമാറി മര്‍ദിച്ചത്.ലാത്തി കൊണ്ട് ഓടിച്ചിട്ടടിച്ചെന്നും നിലത്തുവീണിട്ടും മര്‍ദിച്ചെന്നുമാണ് പരാതി.ചൊവ്വാഴ്ച രാത്രി 11.30-ഓടെ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം..

ദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് പ്ലസ്ടു വിദ്യാര്‍ഥിയുടെ മര്‍ദനമേറ്റ പോലീസ് ഉദ്യോഗസ്ഥനാണ് എസ്.ഐ. ജിനു. ജനുവരി 28-നായിരുന്നു ഈ സംഭവം. ബസ് സ്റ്റാന്‍ഡില്‍ കറങ്ങിനടന്നത് ചോദ്യംചെയ്തതിനാണ് പ്ലസ്ടു വിദ്യാര്‍ഥി എസ്.ഐ.യെ കഴുത്തിന് പിടിച്ച് നിലത്തടിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഈ സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 18-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്ക് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം പോലീസിന്റെ ഭാഗത്ത്‌ നിന്നും മാരകമായ അതിക്രമം ഉണ്ടായത് .വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഇറക്കാനായാണ് വിവാഹസംഘം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വാഹനം നിര്‍ത്തിയിരുന്നത്.ഈ സമയത്താണ് സമീപത്തെ ബാറിന് മുന്നില്‍ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയത്.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ആളുമാറി വിവാഹസംഘത്തിലുള്ളവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു.പോലീസ് അതിക്രമത്തില്‍ കോട്ടയം സ്വദേശിനി സിതാര അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.സിതാരയുടെ കൈയ്ക്കും തോളെല്ലിനുമാണ് പരിക്ക്. മറ്റൊരാളുടെ തലയ്ക്കും പരിക്കുണ്ട്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!