Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/02/2025 )

സ്ത്രീകളിലെ അര്‍ബുദം: ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് (4) തുടക്കം

ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രീജ പി നായര്‍ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും.  തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ്, തൊഴിലാളി പ്രതിനിധികള്‍  പങ്കെടുക്കും.

സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനമായ ഇന്ന് മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കാമ്പയിന്‍. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്നവര്‍ക്ക് സ്‌ക്രീനിങ്ങിനും ചികിത്സയ്ക്കുമുള്ള പിന്തുണാ സംവിധാനവും ഉറപ്പാക്കും. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം ‘എന്ന മുദ്രാഗീതത്തിലൂടെ സ്ത്രീകള്‍ സ്ത്രീകളോട് സംവദിക്കുന്ന കാമ്പയിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍, മേജര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തും.

ജനങ്ങളുടെ സംശയനിവാരണത്തിന് ചാറ്റ്ബോട്ട് സംവിധാനം ഏര്‍പ്പെടുത്തും. കാമ്പയിന്റെ പ്രചാരണാര്‍ദ്ധം ഡോക്ടര്‍മാരുടെ മ്യൂസിക്ക് ബാന്‍ഡായ ‘റിംഗ് റോഡ് ബീറ്റ്‌സ് ‘പത്തനംതിട്ടയില്‍ സംഗീത സായാഹ്നം നടത്തി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഇന്ന് (4) രാവിലെ എട്ടിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് വിളംബരം ആരംഭിക്കും. ഉച്ചക്ക് രണ്ടുമുതല്‍ കുമ്പഴ എസ്റ്റേറ്റ് ആശുപതിയില്‍ സ്ത്രീ തൊഴിലാളികള്‍ക്കായി കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു.

കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തണം: താലൂക്ക് വികസന സമിതി

അവധിക്കാലത്ത് താലൂക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ കുളങ്ങള്‍ വൃത്തിയാക്കി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്തണമെന്ന് ജില്ലാ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കാന്‍ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജിയുടെ അധ്യക്ഷതയില്‍ പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കൗമാരക്കാരായ കുട്ടികളുടെ  ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് പരിശോധന കര്‍ശനമാക്കണമെന്നും ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, തഹസീല്‍ദാര്‍ റ്റി കെ നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഓമല്ലൂര്‍ പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. വികസന പ്രവര്‍ത്തികള്‍ക്കായി 5.34 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, വനിതകള്‍ക്ക് ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനിത ശിങ്കാരി മേളം, വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, വന്യജീവികളില്‍ നിന്ന് കൃഷിക്കാര്‍ക്ക് സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍, ഷാജി ജോര്‍ജ്, എസ്. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി എട്ടിന്

തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായി (എസ്.സി, എസ്.റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) ജില്ലയില്‍ നിന്നുളള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി   ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതിന് തിരുവല്ല മാര്‍ത്തോമാ കോളജ് ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പ്ലസ് വണ്‍ ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍ 04712381601, 9447694394.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അസാപ്പ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ (യുവാക്കള്‍ക്ക് മാത്രം, യോഗ്യത: 11-ാം ക്ലാസ് വിജയം), ഫിറ്റ്‌നസ് ട്രെയിനര്‍ (യുവാക്കള്‍ക്കും യുവതികള്‍ക്കും, യോഗ്യത: 12ാം ക്ലാസ് വിജയം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍ :9495999688 / 7034403950

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയറിഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം ബാച്ചുകള്‍. ഫോണ്‍ : 7994449314

ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം മാര്‍ച്ച് 31ന് മുമ്പ് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0468 2222709.

യാചക നിരോധനം

മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടുവരെ ഓമല്ലൂര്‍ പഞ്ചായത്തിലെ മഞ്ഞിനിക്കര ദയറയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം  യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി സെക്രട്ടറി അറിയിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പില്‍ മെക്കാനിക് (കാറ്റഗറി നമ്പര്‍ 449/22) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഡോക്ടര്‍ നിയമനം

ഏഴംകുളം  കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ഡോക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10ന് പകല്‍ 12 വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 243700.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി  മാര്‍ച്ച് 18 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2024 ഡിസംബര്‍ 31 ന് 50 വയസ് പൂര്‍ത്തിയാകരുത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍, യു.ഡി.ഐ.ഡി. കാര്‍ഡ് എന്നിവ സഹിതം നേരിട്ടോ/ദൂതന്‍ മുഖേനയോ ഹാജരായി പുതുക്കണം. ഫോണ്‍ :  0469 – 2785434.

ദര്‍ഘാസ്

ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് വാഹനം( മഹിന്ദ്ര ബോലേറോ, സ്വിഫ്റ്റ് ഡിസയര്‍, ടൊയോട്ട എറ്റിയോസ്, ഹോണ്ട സിറ്റി സമാന മോഡലുകള്‍ ) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടുനല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന്  ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോണ്‍ : 04682222234.

അധ്യാപക നിയമനം

ആറന്മുള-ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടിടിസി യും കെ ടെറ്റ് യോഗ്യതയുളളവര്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

error: Content is protected !!