Trending Now

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

 

ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നതിലെ കാലതാമസവും ഒഴിവായി. ഈ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍ ക്യത്യമായി മനസിലാക്കിയിരിക്കണം. അതേസമയം നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടെന്നുതും ശ്രദ്ധേയമാണ്, ഈ വെല്ലുവിളി നേരിടാനായാല്‍ നിയമത്തെ യഥാവിധി പ്രയോജനപ്പെടുത്താനാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സുപ്രധാന നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശമെന്ന് അധ്യക്ഷനായ വിവരാവകാശ കമ്മിഷണര്‍ ഡോ. കെ. എം. ദിലീപ് പറഞ്ഞു. ജനാധിപത്യത്തെ വിപുലീകരിക്കാനും സാധാരണകാര്‍ക്ക് ഭരണത്തില്‍ പങ്കാളിയാകാനും കഴിഞ്ഞതിന് പിന്നിലും ഇതേനിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരാവകാശ കമ്മിഷണര്‍ ഡോ. എം ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ പ്രഫ. ഇട്ടി വര്‍ഗീസ്, ഡോ. ജോര്‍ജ് തോമസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2025 Konni Vartha - Theme by
error: Content is protected !!