Trending Now

കോന്നി പോലീസ് ഡ്രൈവര്‍ രഘുകുമാറിനെ സസ്പെന്‍റ് ചെയ്തു

 

konnivartha.com: മദ്യലഹരിയിൽ സി പി ഐ എം നേതാവിനെ പൊലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ധിച്ച പൊലീസ് ഡ്രൈവറെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗം ടി.രാജേഷ് കുമാറിനെയാണ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാർ മർദ്ധിച്ചത് എന്നാണ് പരാതി .

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള കുടുംബത്തിന് പരാതി നൽകാൻ സഹായിക്കാനെത്തിയതായിരുന്നു രാജേഷ് കുമാർ. കുടുംബത്തോടൊപ്പം പൊലീസ് ജീപ്പിനു സമീപത്തു നിന്ന് പരാതി തയ്യാറാക്കുമ്പോൾ രഘുകുമാർ തട്ടി കയറിയതിനെ തുടർന്ന് സ്റ്റേഷനിലെ ബഞ്ചിൽ ഇരുന്ന് പരാതി എഴുതുമ്പോൾ വീണ്ടും രഘുവെത്തി ഇവിടിരുന്ന് പരാതി എഴുതാൻ കഴിയില്ലന്നും, രാത്രിയിലാണോ പരാതിയും കൊണ്ടുവരുന്നതെന്നും ചോദിച്ച് വീണ്ടും തട്ടി കയറി ഇതു ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനു പുറത്തു നിന്നും രാജേഷിനെ പിടിച്ചു സ്റ്റേഷനുള്ളിലെ മുറിയിലെത്തിച്ച് കോളറിന് പിടിച്ച് ഇരുകരണത്തും അടിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തു  എന്നാണ് പരാതി .

രാജേഷ് വിവരം അറിയിച്ചതിനെ തുടർന്ന് ഏരിയാ സെക്രട്ടറി ശ്യാംലാൽ, ലോക്കൽ സെക്രട്ടറി കെ.എസ്.സുരേശനും സ്റ്റേഷനിലെത്തി.തുടർന്ന് പാർട്ടി പ്രവർത്തകരും എത്തിച്ചേർന്നു.രഘുവിനെതിരെ കേസെടുക്കണമെന്നും, മെഡിക്കലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.രാജേഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ജില്ലാ സെക്രട്ടറി രാജുഏബ്രഹാം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് കർശന നടപടി ആവശ്യപ്പെട്ടു.രംഗം വഷളായതോടെ ഡി വൈ എസ് പി രാജപ്പൻ റാവുത്തർ എത്തി രഘുവിന്‍റെ രക്തസാമ്പിൾ അടക്കം മെഡിക്കൽ എടുത്തു.

രാജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ രഘുകുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യപ്രകാരം ഡി വൈ എസ് പി രാജപ്പൻ റാവുത്തറും, സി.ഐ പി.ശ്രീജിത്തും പുലർച്ചെ റിപ്പോർട്ട് നൽകുകയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രഘുകുമാറിനെ സസ്പെണ്ടു ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ സി പി ഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ ശക്തമായി പ്രതിഷേധിച്ചു.രഘുകുമാറിനെതിരെ കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്നും ശ്യാംലാൽ ആവശ്യപ്പെട്ടു.

error: Content is protected !!