Trending Now

ഏവർക്കും കോന്നി വാര്‍ത്തയുടെ റിപ്പബ്ലിക് ദിനാശംസകൾ

 

സമത്വം നീതി മതനിരപേക്ഷത സാഹോദര്യം ഇവയില്‍ നിന്നും വ്യതിചലിക്കാതെ സാധാരണക്കാരുടെ ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ശബ്ദമാകണം നാം എല്ലാവരും . ഏവർക്കും “കോന്നി വാര്‍ത്തയുടെ” റിപ്പബ്ലിക് ദിനാശംസകൾ.

 

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയ പതാക ഉയർത്തും

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.

നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.

നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നത്.

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

 

മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും റിപ്പബ്ലിക്ക് ദിനാഘോഷം ഇന്ന് (ജനുവരി 26)

രാജ്യത്തോടൊപ്പം പത്തനംതിട്ട ജില്ലയിലും റിപ്പബ്ലിക് ദിനം ഇന്ന് (ജനുവരി 26) വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കത്തോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ 8.45 ന് ആരംഭിക്കുന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.

ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി വി. ജി വിനോദ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഗാന്ധിയന്‍മാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ദേശഭക്തി ഗാനങ്ങളുടെ അവതരണവും അനുബന്ധമായുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലാറ്റൂണുകള്‍ക്ക് മന്ത്രി സമ്മാനം നല്‍കും.

ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം: ഒ.പി ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം ഇന്ന് (ജനുവരി 26)

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ജനുവരി 26) വൈകിട്ട് നാലിന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം: കെട്ടിട നിര്‍മാണ ഉദ്ഘാടനം ഇന്ന് (ജനുവരി 26)

പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം ഇന്ന് (ജനുവരി 26) വൈകിട്ട് 3.30 ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതാകുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

error: Content is protected !!