konnivartha.com: കോന്നി മെഡിക്കൽ കോളേജിന്റെ നിലവാര തകർച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗികളെ പരിഹസിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കോന്നി മെഡിക്കൽ കോളജിൽ നടന്നുവരുന്നത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. സ്വന്തം നാട്ടിലെ മെഡിക്കൽ കോളജിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ആരോഗ്യമന്ത്രിയും വേണ്ടത്ര പരിഗണന നൽകുന്നില്ല.
കോന്നിയിലെയും സമീപപ്രദേശത്തെയും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന സമീപനമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ പൂർണതോതിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ക്രമപ്പെടുത്തണം.
ഫാർമസിയുടെ പ്രവർത്തനം കുറ്റമറ്റതാക്കി അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. സീനിയർ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണം. കിടത്തി ചികിത്സയ്ക്ക് വേണ്ടത്ര സൗകര്യമൊരുക്കി അത്യാഹിത വിഭാഗത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം. ലാബ്, സ്കാനിങ് സെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കണം. അപകടങ്ങളിൽ അടിയന്തര ചികിത്സയും ട്രോമാകെയർ സംവിധാനവും ഒരുക്കണം. മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലിനിക്കൽ പഠനത്തിന് സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെയ്ഖ് നെജീർ, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അഹദ്, സബീർ, സെക്രട്ടറിമാരായ നാസർ കുമ്മണ്ണൂർ, അനീഷ ഷാജി, സിറാജുദ്ദീൻ, ട്രഷറർ ശരീഫ് ജമാൽ, കമ്മിറ്റി അംഗങ്ങളായ മുബാറക്ക് ആനകുത്തി, സുബൈർ ചിറ്റാർ, ഹുസൈൻ ചിറ്റാർ, നജീബ് കൊന്നപ്പാറ, ബഷീർ വട്ടക്കാവ് എന്നിവര്‍ സംസാരിച്ചു.