Trending Now

കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് ഏകോപിത പ്രവര്‍ത്തനം അനിവാര്യം – ജില്ലാ കലക്ടര്‍

 

കുഷ്ഠരോഗനിര്‍മാര്‍ജനത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കുഷ്ഠരോഗനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ചികിത്സ നല്‍കണം. കുട്ടികളിലെ രോഗനിര്‍ണയത്തിന് പ്രത്യേക പരിശോധന ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠരോഗ നിര്‍ണയകാമ്പയിന്‍ അശ്വമേധം 6.0, ബോധവത്കരണ പരിപാടി സ്പര്‍ശ് എന്നിവ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടക്കും. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററും ഫ്‌ലാഷ് കാര്‍ഡും കലക്ടര്‍ പ്രകാശനം ചെയ്തു.

ആശ പ്രവര്‍ത്തകയും പരിശീലിനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകനുമടങ്ങുന്ന സംഘം കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ച് രോഗനിര്‍ണയത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സഹായം നല്‍കും. ഇതിനായി 1091 സംഘങ്ങളിലായി 2182 വോളന്റിയര്‍മാരെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. ഐപ്പ് ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!