തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കെതിരെ മോട്ടോർ വാഹനവകുപ്പ്
തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി.
റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടോർ വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു.
ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശുചിത്വമിഷന്‍
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുമായി ഹരിതചട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ശുചിത്വ മിഷന്‍. നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ക്ക് ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. പരിപാടിയുടെ അറിയിപ്പിന് തുണി ബാനറുകളാണ് അനുയോജ്യം. പ്ലാസ്റ്റിക്ക് അലങ്കാരങ്ങള്‍ പാടില്ല. ഏകോപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.
ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ /റഗുലര്‍ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314
ജില്ലാ വികസന സമിതി യോഗം ജനുവരി 25ന്
ജില്ലാ വികസന സമിതി യോഗം ജനുവരി 25 രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് എന്നിവയുടെ നിര്‍മാണത്തിനായി 10 ദിവസത്തെ സൗജന്യപരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍ : 04682270243 , 8330010232.
കുടിശിക അദാലത്ത്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടൂര്‍ താലൂക്ക് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ജനുവരി 23 മുതല്‍ 25 വരെ അടൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ കുടിശിക അദാലത്ത് നടത്തുന്നു. കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, മുന്‍കാലങ്ങളില്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തതിനുശേഷം നാളിതു വരെ അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അദാലത്തില്‍ പങ്കെടുക്കാം. ആകെ കുടിശിക തുകയുടെ 25 ശതമാനം അടച്ച് നിയമനടപടികളില്‍ നിന്ന് സ്ഥാപനഉടമയ്ക്ക് ഒഴിവാകാമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.
മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ജനുവരി 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കിലാണ് വില. ഫോണ്‍ : 9562670128, 0468 2214589.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് ജനുവരി 22 ഉച്ചയ്ക്ക് 12ന് പന്തളം കുടുംബാരോഗ്യകേന്ദ്രത്തില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട രേഖകളുടെ അസല്‍ സഹിതം ഹാജരാകണം.