
ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറി.
വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാംതീയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം മൂന്നു തവണ നീട്ടിവെച്ചു.
ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഐ.എസ്.ആർ.ഒയേയും മുഴുവൻ ബഹിരാകാശ സമൂഹത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരും വർഷങ്ങളിലെ ഉൽകർഷേച്ഛ നിറഞ്ഞ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് മോദി അഭിപ്രായപ്പെട്ടു.