ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ് . മകരവിളക്കിന് ശേഷം ഉള്ള ഈ ചടങ്ങുകള്‍ അതീവ പ്രാധാന്യം ഉള്ളത് ആണ് . ഇനി വരുന്ന ദിവസങ്ങളില്‍ മണിമണ്ഡപത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട്
ശബരിമല :കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്റെ വിവിധ ഭാവങ്ങൾ
വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ നാലു ചടങ്ങുകളാണ് ഉള്ളത്. ആദ്യ നാലു ചടങ്ങുകൾ മകരസംക്രമ ദിവസം മുതലുണ്ട്. അവസാന ദിവസമാണ് ഗുരുതി. അയ്യപ്പന്റെ മണിമണ്ഡപത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്.
നാലു മണിയോടെ ആരംഭിക്കുന്ന കളമെഴുത്തോടെയാണ് വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകൾ തുടങ്ങുന്നത്. അത്താഴപൂജയ്ക്ക് ശേഷം കൊടികളും നെറ്റിപ്പട്ടവും തിടമ്പുവുമുൾപ്പടെ ആഘോഷമായി മാളികപ്പുറത്തമ്മയെ വണങ്ങി എഴുന്നള്ളത്തായി പതിനെട്ടാം പടിയിലെത്തി നായാട്ടു വിളിക്കും. പെരുന്നാട് പുന്നമൂട്ട് വീട്ടിൽ കുടുംബാംഗങ്ങളാണ് നായാട്ട് വിളിക്കുന്നത്. തുടർന്ന് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മണിമണ്ഡപത്തിലെത്തി കേശാദിപാദം പാടി കളം മായ്ക്കുന്നതോടെ അന്നേ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും.
എഴുന്നള്ളത്തിനുള്ള തിടമ്പിൽ മീശ പിരിച്ചു വച്ചിരിക്കുന്ന യുവവായ അയ്യപ്പന്റെ രൂപമാണുള്ളത്. അവസാന ദിനം എഴുന്നള്ളിപ്പ് ശരംകുത്തി വരെ പോയി തീവെട്ടിയും മേളവുമില്ലാതെ മടങ്ങി വരും. ഉത്സവത്തിന് എത്തിയ ഭക്തരെ സുരക്ഷിതമായി തിരികെ വിട്ടു തിരികെ വരുന്നു എന്നാണ് സങ്കൽപം.
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാർക്കാണ് ഈ ചടങ്ങുകൾ നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ്, രതീഷ് അയ്യപ്പ കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് വർഷങ്ങളായി മണിമണ്ഡപത്തിൽ ചടങ്ങുകൾ നടത്തുന്നത്. മകരവിളക്കിന്റെ മൂന്നാം നാളായ ഇന്ന് മുതൽ വിളക്കെഴുന്നള്ളത്തിനും നായാട്ടുവിളിക്കും പന്തളം രാജകുടുംബാംഗവുമുണ്ട്.
ആലങ്ങാട്ട് യോഗം നിവേദ്യങ്ങൾ സമർപ്പിച്ചു
സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് യോഗക്കാർ ആചാരപരമായ രീതിയിൽ നിവേദ്യങ്ങൾ സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ കളഭാഭിഷേകത്തിനു ശേഷം പന്തീർ നേദ്യം നൽകി.യോഗക്കാർ കൊണ്ട് വന്ന അരി, ശർക്കര, തേങ്ങ എന്നിവ അളന്നു കൊടുക്കുകയും തുടർന്ന് ദേവസ്വം ബോർഡ് വെള്ള, പായസം എന്നിവ ഉണ്ടാക്കി തിരിച്ചു ഏൽപ്പിക്കുകയും ചെയ്ത്ു. ഇവ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ മുഖ്യ കാർമ്മികത്വത്തിൽ പൂജ ചെയ്ത് ഭഗവാന് നേദിച്ചു. പെരിയോൻ എ കെ വിജയകുമാർ സ്വാമിയുടെ നേതൃത്വത്തിൽ സംഘംങ്ങൾ പൂജ ദർശിച്ചു. യോഗക്കാർ കൂട്ടമായി നെയ്യഭിഷേകം നടത്തി വൈകിട്ട് അപ്പം, അരവണ ഭഗവാന് നിവേദിച്ചു.
സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ
ഈ മണ്ഡല, മകര വിളക്ക് കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം വഴി ദുർഘടമായ കാനനപാതയിറങ്ങി ശബരിമല സന്നിധാനത്ത് എത്തിയത്. എന്നാൽ, 6161 പേർ മാത്രമാണ് ഇതുവഴി മടങ്ങിയത്. പുല്ലുമേട് വഴിയുള്ള യാത്ര ജനുവരി 19 വരെ തുടരും.
ഇടുക്കി ജില്ലയിലെ സത്രത്തിൽനിന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ടോക്കൺ നൽകിയാണ് തീർഥാടകരെ കാനനപാതയിലേക്ക് പ്രവേശിപ്പിക്കുന്നത്. മകരവിളക്ക് കാലത്ത് ഇത് 12 മണി വരെയാക്കി. പാണ്ടിത്താവളം ഉരൽക്കുഴിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ടോക്കൺ പരിശോധിച്ചാണ് ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്്. തിരിച്ച് പാണ്ടിത്താവളം ഉരൽക്കുഴിയിൽനിന്ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് മടക്കയാത്ര അനുവദിക്കുന്നത്. മകരവിളക്കിന് ഇത് രണ്ട് മണി വരെയായിരുന്നു. വനംവകുപ്പിന്റെ സംഘം പാത പരിശോധിച്ച് വന്യമൃഗ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് തീർഥാടകർക്ക് കാനനപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്.
ഉരൽക്കുഴി മുതൽ പോടൻപ്ലാവ് വരെ 800 മീറ്റർ ദൂരം വനം വകുപ്പ് ട്യൂബുകൾ സ്ഥാപിച്ച് വെളിച്ചം നൽകിയിട്ടുണ്ട്. അത് കഴിഞ്ഞ് കഴുതക്കുഴിയിൽ വനം വകുപ്പിന്റെ ക്യാമ്പ് ഉണ്ട്. ഇവിടെ തീർഥാടകർക്ക് നാരങ്ങവെള്ളവും കുടിവെള്ളവും നൽകുന്നു. അത് കഴിഞ്ഞ് ഉപ്പുപാറയിൽ വനം വകുപ്പിന്റെ തന്നെ കഞ്ഞിയും ചായയും ലഘുഭക്ഷണവും വിൽപനയുണ്ട്. അത് പിന്നിട്ടാൽ സത്രത്തിലെത്തും. ഉരൽക്കുഴി, ഉപ്പുപാറ എന്നിവിടങ്ങളിൽ വനം വകുപ്പ് ജീവനക്കാർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
യാത്രയ്ക്കിടയിൽ സുഖമില്ലാതാവുന്ന സ്വാമിമാരെ സ്ട്രക്ചർ ഉപയോഗിച്ച് സന്നിധാനത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള വനം വകുപ്പ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ് എന്നിവരുടെ യൂനിറ്റ് പാണ്ടിത്താവളത്തിലുണ്ട്. ഇത്തവണ പാണ്ടിത്താവളത്ത് ആനയിറങ്ങി ഷെഡുകളും മറ്റും തകർത്തെങ്കിലും തീർഥാടകർക്ക് ഭീഷണിയുണ്ടായില്ല.
ഇതിന് പുറമെ അഴുത, മുക്കുഴി പരമ്പരാഗത കാനനപാത വഴിയും ധാരാളം പേർ കാൽനടയായി സന്നിധാനത്ത് എത്തുന്നു. എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് ഇത്തവണ പ്രത്യേക പാസ് അനുവദിച്ചിരുന്നു.
മകരവിളക്കിന് ശേഷമുള്ള ശുചീകരണ പ്രവർത്തനം പൂർണതയിലേക്ക്
കാനനക്ഷേത്രത്തിന്റെ വിശുദ്ധി കാത്ത്് വിശുദ്ധിസേന
സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇടവേളകളില്ലാത്ത പ്രവർത്തനത്തിലാണ് വിശുദ്ധിസേന. മകരവിളക്കിന് ശേഷമുള്ള ശുചീകരണപ്രവർത്തനങ്ങൾ വിശുദ്ധി സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി ആയിരം വിശുദ്ധി സേനാംഗങ്ങൾ പ്രവർത്തിക്കുന്നു.
സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം. ദിവസവും 50 ലോഡ് വീതം മാലിന്യങ്ങളാണ് സന്നിധാനത്ത് നിന്ന് നീക്കുന്നത്. സന്നിധാനത്ത് 300 വിശുദ്ധി സേനാംഗങ്ങളാണ് സേവനമനുഷ്ഠിക്കുന്നത്. സന്നിധാനവും പരിസരവും 18 സെക്ടറുകളായി തിരിച്ചാണ് ശുചീകരണം.
രണ്ട് ഷിഫ്റ്റുകളിലായി രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെയും ആണ് സേനാംഗങ്ങൾ ശുചീകരണം നടത്തുന്നത്.
ശുചീകരണ ഉപകരണങ്ങൾ, തിരിച്ചറിയൽ കാർഡ്, കയ്യുറകൾ, ജാക്കറ്റ്, ചെരിപ്പ് എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. 1995ൽ രൂപീകൃതമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ശബരിമല തീർത്ഥാടനത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ശബരിമല എഡിഎം വിശുദ്ധിസേനയുടെയും മേൽനോട്ടം നിർവഹിക്കുന്നു. ശബരിമല ഡ്യൂട്ടി മജിസ്ട്രേറ്റ് ജി.വി. പ്രമോദിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം.
ശേഖരിക്കുന്ന മാലിന്യങ്ങൾ അഞ്ച് ട്രാക്ടറുകളിലായി പാണ്ടിത്താവളം ഇൻസിനറേറ്ററിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. 17 സെക്ടറുകളിലായി 17 സൂപ്പർവൈസർമാരും അഞ്ച് ട്രാക്ടറുകളുടെ ഒരു സൂപ്പർവൈസറും ഉൾപ്പെടെ 18 സൂപ്പർവൈസർമാരാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. തമിഴ്നാട് സ്വദേശി കോട്ടയ്യനാണ് വിശുദ്ധി സേനാംഗങ്ങളുടെയും ലീഡർ. വിശുദ്ധി സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
തുണിയിൽ പൊതിഞ്ഞ മാലിന്യങ്ങൾ ട്രാക്ടറിൽ കയറ്റി ഇൻസിനറേറ്ററിൽ എത്തിച്ച് സംസ്കരിക്കും. അയ്യപ്പഭക്തർ പ4ണശാല കെട്ടി താമസിച്ചിരുന്ന വനപ്രദേശത്തും മകരവിളക്ക് ദർശിക്കാൻ തമ്പടിച്ചിരുന്ന വിവിധ വ്യൂ പോയിന്റുകളിലെയും മാലിന്യം നീക്കും.
വിശുദ്ധി സേനാംഗങ്ങൾക്ക് പ്രത്യേക അപകട സുരക്ഷാ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജനുവരി 20 രാവിലെ എല്ലാ ശുചീകരണപ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമാകും വിശുദ്ധി സേനാംഗങ്ങൾ മടങ്ങുക.