Trending Now

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍: ഡെപ്യൂട്ടി സ്പീക്കര്‍

 

ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്.

കനാല്‍പ്പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കാല്‍ നടയായി പാലത്തിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും.

പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം നടക്കുന്നു. പാലമുക്ക് മുതല്‍ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റല്‍ വിരിച്ചു. ഓടകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പാലം മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍പണികള്‍ പൂര്‍ത്തിയാക്കി.

റോഡ് നിര്‍മാണത്തിനനുബന്ധമായി റോഡിനു സമീപത്തെവീടുകളിലേക്കും ഇടറോഡുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴികളും സ്റ്റെപ്പുകളും നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ഷീരസംഘത്തിന് സമീപം മെയിന്‍ റോഡില്‍ നിന്നും തെങ്ങുവിളപ്പടി റോഡിലേക്കിറങ്ങുന്ന ഭാഗത്ത് ചപ്പാത്ത് നിര്‍മ്മിച്ച് ടൈല്‍ പാകി സഞ്ചാരയോഗ്യമാക്കും.

ഏഴംകുളം ജംഗ്ഷന് സമീപം റോഡിലേക്കിറങ്ങി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും സമീപത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ഏഴംകുളം പഞ്ചായത്തംഗം ബാബു ജോണ്‍, കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി ദീപ, അസിസ്റ്റന്റ് എക്‌സിക്ക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!