konnivartha.com: വടശ്ശേരിക്കരയില്‍ തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ് വൈദ്യുതി ലൈനിനോട് കൂട്ടിച്ചേർത്തിട്ടുള്ള വയറിൽനിന്നും ഷോക്ക് അടിച്ച് മരണപ്പെട്ടത്.വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു കാരണം എന്ന് അയ്യപ്പ സേവ സംഘം ആരോപിച്ചു . വടശ്ശേരിക്കര പാലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നുമാണ് വൈദ്യുതിഷോക്ക് ഏറ്റ് മരണപ്പെട്ടത് എന്നാണ് അയ്യപ്പ സേവ സംഘം ആരോപിക്കുന്നത് .
ശബരിമല പോയി തിരികെ എത്തിയ 50 അംഗ സംഘത്തിന്റെ കൂടെ എത്തിയ സ്വാമിക്കാണ് അപകടം സംഭവിച്ചത്.ഈ ക്രൂരത ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇങ്ങനെ ഉള്ള അനാസ്ഥ അനുവദിച്ചു നൽകാൻ പാടില്ല. ഒരു വർഷമായി വടശ്ശേരിക്കര സ്വദേശികൾ പലരും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഈ ഭാഗത്ത് എർത്ത് ഉള്ളത് കൊണ്ടാണ് എന്ന് പരാതി പറഞ്ഞിട്ടും പരിശോധന നടത്താനോ ഒന്നും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
കറണ്ടുള്ള വയർ ചുറ്റി പുല്ലിന്‍റെ ഉള്ളിൽ ഇട്ടിരിക്കുകയും അതിന്റെ മുകളിൽ ടച്ചിങ്ങു വെട്ടി ഇലകൾ ഇടുകയും ചെയ്തത്കൊണ്ട് അയ്യപ്പ ഭക്തന് ഇത് കാണാൻ സാധിക്കാതെ അതിന്റെ മുകളിൽ മൂത്രം ഒഴിച്ചപ്പോൾ ആണ് വൈദ്യുതി ആഘാതം ഉണ്ടായത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു . വിവരം അറിഞ്ഞുകൊണ്ട് എത്തിയ ലൈൻമാൻമാർ വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് ആളെ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അയ്യപ്പ സേവ സംഘത്തിന്റെ ഫ്രീസർ ഉള്ള ആമ്പുലൻസിൽ മൃതദേഹം നാട്ടിൽ എത്തിച്ചു കൊടുക്കുവാന്‍ നടപടി സ്വീകരിച്ചു . അയ്യപ്പ ഭക്തന്‍റെ മരണം സംഭവിച്ച അനാസ്ഥ എന്താണെന്ന് അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകണമെന്നും, നഷ്ടപരിഹാരം നൽകണമെന്നും അയ്യപ്പ സേവ സംഘം ദേശീയ പ്രസിഡന്റ് സംഗീത് കുമാറും, ദേശീയ സെക്രട്ടറി പ്രസാദ് കുഴികാലയും ആവശ്യപ്പെട്ടു.