Trending Now

ശബരിമല മകരവിളക്ക്:ശക്തമായ സുരക്ഷാ ക്രമീകരണം

 

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷ്യൽ ഓഫീസ൪ വി. അജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നു. മകരവിളക്കിനു മുന്നോടിയായി ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏ൪പ്പെടുത്തുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസ൪ നി൪ദേശം നൽകി.

മകരവിളക്ക് ദ൪ശിക്കാനായുള്ള വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂ൪ത്തീകരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറി നിൽക്കാ൯ അനുവദിക്കില്ല. ഇതിനായി പട്രോളിംഗ് ശക്തമാക്കും. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും ക൪ശന നിയന്ത്രണമേ൪പ്പെടുത്തി. പാചകം ചെയ്യാൻ വലിയ പാത്രങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കില്ല. മകരവിളക്ക് ദ൪ശനത്തിനായി കാത്തുനിൽക്കുന്നവ൪ക്ക് വിതരണം ചെയ്യാ൯ ആറ് ചുക്കുവെള്ള കൗണ്ടറുകൾ സജ്ജമാണ്. ഈ കൗണ്ടറുകളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്ക്റ്റുകളും എത്തിച്ചു. പാണ്ടിത്താവളത്തിൽ അന്നദാന വിതരണത്തിനുള്ള സജ്ജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.

തടസമില്ലാത്ത വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. മു൯വ൪ഷങ്ങളിൽ പ്രകാശക്രമീകരണം ഏ൪പ്പെടുത്തിയ എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി തടസം നേരിട്ടാൽ ദേവസ്വം ബോ൪ഡിന്റെ ബാക്ക് അപ്പ് സംവിധാനം ഉപയോഗപ്പെടുത്തും.

കുടിവെളള ലഭ്യത വാട്ട൪ അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്. സ്ട്രെച്ചറുകൾ, ആംബുല൯സ്, ഡോക്ട൪മാരുടെ സേവനം എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾക്കായി റവന്യൂ, പോലീസ്, ഫയ൪ ഫോഴ്സ്, ആരോഗ്യം, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, ദേവസ്വം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഏകോപനം ഉറപ്പാക്കും.
തിങ്കളാഴ്ച വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റിംഗും നടത്തും.

ദേവസ്വം കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ൪ ബി. മുരാരി ബാബു, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജി.വി. പ്രമോദ്, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസ൪ കെ.വി. വേണുഗോപാൽ, ജോയിന്റ് സ്പെഷ്യൽ ഓഫീസ൪ പി.ബി. കിരൺ, വിജില൯സ് എസ് പി സുനിൽ കുമാ൪, റാപ്പിഡ് ആക്ഷ൯ ഫോഴ്സ് ഡെപ്യൂട്ടി കമാ൯ഡന്റ് ജി. വിജയ൯, എ൯ഡിആ൪എഫ് ഡെപ്യൂട്ടി കമാ൯ഡന്റ് സങ്കീത് ഗെയ്ക്ക് വാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

മകരജ്യോതി ദർശനത്തിനും തിരിച്ചിറങ്ങലിനും ഭക്തർ ശ്രദ്ധിക്കണം- പോലീസ്

മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു.

വെർച്വൽ ക്യൂ ബുക്കിംഗ്/സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13, 14 തീയതികളിൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 14ന് രാവിലെ 10 മണിവരെ മാത്രമേ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളൂ. ഉച്ചക്ക് 12 മണിവരെ മാത്രമേ പമ്പയിൽനിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ). പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകുന്നേരം 5.30 മണിക്കുശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.

ഭക്തരെ സ്റ്റൗ, വലിയ പാത്രങ്ങൾ ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കില്ല. മരത്തിന്റെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്നോ, വാട്ടർ ടാങ്കുകളുടെ ഉയരെ കയറിനിന്നോ മകരജ്യോതി ദർശനം അനുവദിക്കില്ല.

ദേവസ്വം അനുവദിക്കുന്ന സ്‌പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്ത് ദീപാരാധന സമയത്ത് നിൽക്കാൻ അനുവദിക്കുകയുള്ളൂ. പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക കുടിലുകൾ, പർണ്ണശാലകൾ എന്നിവ കെട്ടാൻ അനുവദിക്കില്ല. യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താൻ ഭക്തരെ അനുവദിക്കില്ല.

ഭക്തർ കെ.എസ്.ആർ.ടി.സി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറണം. മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്.
വാട്ടർ ടാങ്കുകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ എന്നിവയിൽ കയറി നിൽക്കരുത്. അവരവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ, വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.
ഭക്തർ വന്ന വാഹനനമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമിമാരുടെ ഫോൺനമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം. മടങ്ങിപോകുന്ന സ്വാമിമാർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാൻ ശ്രദ്ധിക്കണം. സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.

അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം മകരജ്യോതി ദർശിക്കണം

അനുവദനീയമായ സ്ഥലങ്ങൾ നിന്ന് മാത്രം മകരജ്യോതി ദർശിക്കാൻ ഭക്തർ ശ്രദ്ധിക്കണം. നിലക്കലിൽ അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല എന്നീ സ്ഥലങ്ങളിൽ ദർശിക്കാം. പമ്പയിൽ ഹിൽടോപ്പ്, ഹിൽടോപ്പ് മധ്യഭാഗം, വലിയാനവട്ടം എന്നിവിടങ്ങളിലും സന്നിധാനത്ത് പാണ്ടിത്താവളം, ദർശനം കോപ്ലക്‌സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫീസിന്റെ മുൻവശം, വാട്ടർ ആതോറിറ്റി ഓഫീസിന്റെ പരിസരം എന്നിവിടങ്ങളിൽ നിന്ന് മകരജ്യോതി ദർശിക്കാൻ അനുമതിയുണ്ട്.

എമർജൻസി മെഡിക്കൽ സെൻററുകൾ പാണ്ടിത്താവളം ജംഗ്ഷൻ, വാവർ നട, ശരംകുത്തി, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിൽ തയാറാണ്. വിവിധ സ്ഥലങ്ങളിൽ സ്ട്രച്ചർ സേവനം ലഭ്യമാണ്. ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷൻ, അന്നദാനമണ്ഡപത്തിന്റെ സമീപം, നടപ്പന്തൽ, മേലെ തിരുമുറ്റം, ജീപ്പ് റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിലാണ് സ്ട്രച്ചർ സൗകര്യമുള്ളത്.

അസ്‌കാ ലൈറ്റുകളുടെ സേവനം ഉരക്കുഴി, പാണ്ടിത്താവളം ജംഗഷൻ, അന്നദാനമണ്ഡപത്തിന്റെ സമീപം, വാവർനട, ബെയിലി ബ്രിഡ്ജ്, ജീപ്പ്‌റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിൽ സജ്ജമാണ്. മെഗാഫോണുകൾ ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷൻ, അന്നദാനമണ്ഡപം, ബെയിലി ബ്രിഡ്ജ്, ജീപ്പ്റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിൽ ലഭ്യമാണ്.

പാണ്ടിത്താവളം മേഖലയിൽ നിന്ന് തിരിച്ചിറങ്ങാൻ രണ്ട് റൂട്ടുകൾ

പാണ്ടിത്താവളം മേഖലയിൽ മകരജ്യോതി ദർശിച്ച് തിരികെയിറങ്ങാൻ രണ്ടു റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത്‌നിന്ന് ഹോട്ടൽ ജംഗ്ഷൻ, അന്നദാനമണ്ഡപത്തിന്റെ പിൻവശം, പോലീസ് ബാരക്ക്, ബെയ്‌ലി പാത്ത്‌വേ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം.
പാണ്ടിത്താവളം ജംഗ്ഷനിൽനിന്ന് ദർശൻ കോംപ്ലക്‌സ്, പുൽമേട് എൻട്രി റൂട്ടിന്റെ മധ്യഭാഗം, കൊപ്രാക്കളം,ട്രാക്റ്റർ റോഡ്,കെ.എസ്.ഇ.ബി ജംഗ്ഷൻ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം.
തിരുവാഭരണ ദർശനത്തിന് എത്താൻ അന്നദാനമണ്ഡപത്തിന്റെ മുൻവശം, മാളികപ്പുറം ഫ്‌ളൈ ഓവറിന് സമീപമുള്ള സിവിൽ ദർശൻ എൻട്രി എന്നീ വഴികൾ ഉപയോഗിക്കാവുന്നതാണെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

error: Content is protected !!