Trending Now

ശബരിമല മകരവിളക്ക്‌ : ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി

 

മണ്ഡല-മകരവിളക്ക് കാലം: ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷം പേർക്ക്

മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണം

konnivartha.com: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്റെ ആരോഗ്യസൗകര്യങ്ങൾ വഴി ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികൾ ആശുപത്രികളിലും 72,654 രോഗികൾ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകൾക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ സേവനം നൽകി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതിൽ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി. ജന്നി വന്ന 103 പേർക്ക് സേവനം നൽകിയതിൽ 101 പേരെയും രക്ഷപെടുത്താൻ സാധിച്ചു.

മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതൽ 14 വരെ കരിമല ഗവ: ഡിസ്പെൻസറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവിൽ അടിയന്തരഘട്ടങ്ങൾ നേരിടാനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും റിസർവ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ: ശ്യാംകുമാർ കെ.കെ അറിയിച്ചു.

മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനുവരി 13 മുതൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 72 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂം നമ്പറുകൾ. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ ഉൾപ്പടെയുള്ളവ പമ്പയിൽ എത്തിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ഹിൽ ടോപ്, ഹിൽ ഡൌൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, ആങ്ങമൂഴി എന്നിവിടങ്ങളിൽ ലഭ്യമാക്കുന്നുണ്ട്.

ഇപ്പോൾ നിലവിലുള്ള 25 ആംബുലൻസുകൾ കൂടാതെ 12 ആംബുലൻസുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്.തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടിയായി പന്തളം മുതൽ പമ്പ വരെയും, തിരിച്ചു പമ്പ മുതൽ പന്തളം വരെയും ആംബുലൻസ് ഉൾപ്പടെ മെഡിക്കൽ ടീമിനെ നിയമിച്ചിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ദിവസം പാതകളിലുള്ള ആശുപത്രികളിൽ എല്ലാ വിഭാഗം ജീവനക്കാരുൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കും. ശബരിമലയിൽ ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾക്ക് പമ്പ കൺട്രോൾ റൂമിൽ ബന്ധപ്പെടാം- 04735 203232.

നിലക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട് എന്നിവിടങ്ങളിൽ ഉള്ള ആശുപത്രികളിൽ സ്‌പെഷ്യലിസ്‌റ് ഡോക്ടർമാർ, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ നിലവിൽ പൂർണ്ണ സജ്ജമായി സേവനങ്ങൾ ഈ മണ്ഡലകാലത്ത് നൽകിവരുന്നുണ്ട്. 2000 ഓളം പേർ ദിവസേന സന്നിധാനം ആശുപത്രിയിൽ മാത്രം ചികിത്‌സ തേടുന്നുണെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: വി. വിഷ്ണു പറഞ്ഞു.

ഹൃദയാഘാത ചികിൽസയ്ക്കുള്ള മരുന്ന്, പാമ്പിന്റെ വിഷത്തിനുള്ള മരുന്ന്, പേ വിഷബാധയ്ക്കുള്ള വാക്‌സിൻ, ഇമ്യൂണോഗ്‌ളോബിൻ മുതലായവ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളിൽ 24 മണിക്കൂറും കാർഡിയോളജിസ്റ്റിന്റെയും ഫിസിഷ്യന്റെയും പൾമണോളജിസ്റ്റിന്റെയും സേവനം ലഭ്യമാണ്. പമ്പ, സന്നിധാനം ആശുപത്രികളിൽ ഓപ്പറേഷൻ തീയേറ്റർ സൗകര്യവും ഐ.സി.യു സൗകര്യവും, ഓർത്തോപീഡിഷ്യന്റെയും സർജന്റെയും അനസ്‌ത്തെറ്റിസ്റ്റിന്റെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നിലക്കൽ ആശുപത്രിയിൽ ഓർത്തോപീഡിഷ്യന്റെ സേവനം ലഭ്യമാണ്. സന്നിധാനത്തും പമ്പയിലും എക്‌സ് റേ സൗകര്യം ലഭ്യമാണ്. സന്നിധാനം, പമ്പ, നിലക്കൽ ആശുപത്രികളിൽ ലാബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യ മരുന്നുകളുടെ ലഭ്യത എല്ലായിടത്തുമുണ്ട്.

പമ്പ മുതൽ സന്നിധാനം വരെ 17 ഉം കരിമല കാനന പാതയിൽ നാലും (ആകെ 21) അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. എ.ഇ.ഡി ഉൾപ്പടെയുള്ള അടിയന്തര വൈദ്യസഹായ ഉപകരണങ്ങൾ രോഗീപരിചരണത്തിന് ഇവിടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. മല കയറുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അടിയന്തരപ്രാധാന്യമുള്ള ആരോഗ്യ പ്രശ്നങ്ങൾ, കുഴഞ്ഞുവീഴൽ മുതലായവയ്ക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ ജീവനക്കാർ സുസജ്ജമാണ്.

രോഗികളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ സ്ട്രെച്ചർ സർവീസ് പ്ലാൻ നടപ്പിലാക്കിയിട്ടുണ്ട് . മൂന്ന് ആൾ ടെറൈൻ ആംബുലൻസുകൾ – ഒരെണ്ണം സന്നിധാനം (ദേവസ്വം വാഹനം), ഒരെണ്ണം ചരൽമേട് (ഫോറസ്‌റ്റ് വാഹനം), ഒരെണ്ണം അപ്പാച്ചിമേട് (ആരോഗ്യവകുപ്പ് വാഹനം)- ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

പൊതുജനാരോഗ്യ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിവരുന്നു. മെഡിക്കൽ ഓഫീസറും , ഹെൽത്ത് സൂപ്പർവൈസറും, ഹെൽത്ത് ഇൻസ്പെക്ടർമാരും, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ഉൾപ്പെടുന്ന ടീം ഫോഗിംഗ്, സ്‌പ്രേയിംഗ്, സോഴ്‌സ് റിഡക്ഷൻ, ഹോട്ടൽ പരിശോധന മുതലായ പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു. പല സ്ഥലങ്ങളിലായി ആരോഗ്യജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!