മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ,അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും .തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ.
15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് ഭഗവാന് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് (ജനുവരി 14) മണിമണ്ഡപത്തിൽ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽവരക്കുന്നത്. പന്തളം കൊട്ടാരത്തിൽനിന്നും എത്തിക്കുന്ന പഞ്ചവർണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുതുന്നത്. 14 മുതൽ 17 വരെ പതിനെട്ടാംപടിവരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത് നടക്കുന്നത്. 19 നാണ് മണിമണ്ഡപത്തിന് മുൻപിൽ ചൈതന്യശുദ്ധിക്കായി നടത്തുന്ന ഗുരുതി.
ജനുവരി 20 ന് ശബരിമല നട അടക്കും. തിരുവാഭരണഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് ജനുവരി 20 ന് ദർശനത്തിന് അവകാശം. ദർശനം പൂർത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകൾക്കുള്ള പണക്കിഴിയും താക്കോൽക്കൂട്ടവും ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി തിരുവാഭരണത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപ്തിയാകും.
ഭക്തിക്കൊപ്പം മതസൗഹാർദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ 2025 ജനുവരി 11 ശനിയാഴ്ച നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് എരുമേലി പേട്ടതുള്ളലിന് നേതൃത്വം നൽകുന്നത്. ആകാശത്ത് ശ്രീകൃഷ്ണപരുന്തിന്റെ സാന്നിധ്യം കാണുമ്പോൾ പേട്ട ശാസ്താക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി എരുമേലി വാവര് പള്ളിയിലെത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മറ്റി പ്രതിനിധികൾ പുഷ്പങ്ങൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിക്കും. മൂന്നു മണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ജനുവരി 13 ന് പമ്പയിൽ എത്തിച്ചേരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ആചാരപരമായി പമ്പാവിളക്ക്, പമ്പാസദ്യ എന്നിവ നടത്തും.
മകരവിളക്ക് മഹോത്‌സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി വരുന്നായി ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. ബോർഡ് അംഗം അഡ്വ .എ. അജികുമാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.