
konnivartha.com: മകരവിളക്ക് മഹോത്സവം: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ- എ.ഡി.എം :സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി
konnivartha.com: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈകോടതി നിർദേശത്തിന്റെയും ഹൈലൈവൽ മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മകരവിളക്കിന് തൊട്ടുമുൻപുള്ള ജനുവരി 12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാൽപ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ജനുവരി 9 മുതൽ സ്‌പോട്ട് ബുക്കിംഗ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച (ജനുവരി 9) മുതൽ സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകൾ നിലക്കലിൽ ആരംഭിക്കുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ഇല്ലാത്തവർ നിലക്കൽ ഇറങ്ങി സ്‌പോട്ട് ബുക്കിങ് ചെയ്ത ശേഷം പമ്പയിലേക്ക് വരണം.
പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഉണ്ട്. ജനുവരി 12 ന് രാവിലെ 8 മുതൽ 15 ന് ഉച്ച കഴിഞ്ഞ് 2 മണി വരെ ഹിൽ ടോപ്പിലെ പാർക്കിംഗ് അനുവദിക്കില്ല. അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങൾ, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെ.എസ്.ആർ.ടി.സിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളിൽ ഭക്തരുടെ വാഹനങ്ങൾ ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ പാർക്കിംഗിന് സൗകര്യം ഒരുക്കും.
എരുമേലി കാനന പാത വഴിയുള്ള തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി 11 മുതൽ 14 വരെ ചടങ്ങുകളുടെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘാംഗങ്ങൾക്ക് മാത്രമാണ് മുക്കുഴി വഴിയുള്ള കാനനപാത ഉപയോഗപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
അതുവഴി വരുന്ന മറ്റ് ബുക്കിംഗുള്ള ഭക്തർ പമ്പയിൽ എത്തി സന്നിധാനത്ത് പ്രവേശിക്കാം.
സന്നിധാനത്തും പരിസരത്തും ഭക്തർ അനധികൃതമായി പാചകം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിയന്ത്രിച്ച് ഉത്തരവിറങ്ങിയതായും അദ്ദേഹം അറിയിച്ചു.
അന്നദാനം സൗജന്യമായി ദേവസ്വം ബോർഡ് നൽകുന്നുണ്ട്. ഹോട്ടലും മറ്റ് സംവിധാനങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ ഭക്തർക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല.
വനപ്രദേശങ്ങളിൽ ഉൾപ്പെടെ പാചകവാതകം പോലെയുള്ള സാമഗ്രികൾ കൊണ്ടുവന്ന് പാചകം പാടില്ല. സുരക്ഷ മുൻനിർത്തി ഇത് അനുവദിക്കില്ല. തീർത്ഥാടകർക്ക് അനുവദനീയമായ പാതകളിലൂടെയല്ലാതെ ഭക്തർ അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇത് കുറ്റകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഘോഷയാത്രയിൽ കൂടുതൽ ആളുകൾ എത്തുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ ബാരിക്കേഡിംഗ്, ഫയർ ഫോഴ്‌സിന്റെയും ആരോഗ്യ ടീമിന്റെയും ഓരോ അധിക യൂണിറ്റ് എന്നിവ വിന്യസിക്കും.
മകരവിളക്കുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും എ.ഡി.എം അറിയിച്ചു.