സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി പറഞ്ഞു. കാവുങ്കോട് ഗോവിന്ദക്കുറുപ്പ്, പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാര്‍ തുടങ്ങി സ്‌കൂളിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള മരണാനന്തര ശതാബ്ദി പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഏബ്രാഹം, സ്വാഗത സംഘം ചെയര്‍മാന്‍ വി കെ പുരുഷോത്തമന്‍ പിള്ള, കേരള ഫോക്ലോര്‍ അക്കാദമി അംഗം സുരേഷ് സോമ, പ്രിന്‍സിപല്‍ പി.വി.ഗീതകുമാരി, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.